ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിലെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ കച്ചകെട്ടുന്ന ബാഴ്സലോണയ്ക്ക് രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വെല്ലുവിളി. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ബാഴ്സയെ വീഴ്ത്തി സെമിയിലേക്ക് കുതിക്കുമെന്നാണ് ചുവന്ന ചെകുത്താന്‍മാരുടെ മിഡ് ഫീല്‍ഡ് ജനറല്‍ പോഗ്ബ പങ്കുവയ്ക്കുന്ന വികാരം.  രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് വിസില്‍ മുഴങ്ങുക.

ഓൾഡ് ട്രാഫോർഡിലെ സെൽഫ് ഗോൾ കടവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സയുടെ തട്ടകത്തിൽ ഇറങ്ങുന്നത്. നൗകാംപിലെ ആർത്തിരമ്പുന്ന ആരാധകർക്ക് മുന്നിൽ ലിയോണൽ മെസിക്കും സംഘത്തിനും കരുത്ത് ഇരട്ടിയാണ്. ബാഴ്സയുടെ മികവിനെ മറികടക്കണമെങ്കിൽ യുണൈറ്റഡിന് നിലവിലെ കളി മതിയാവില്ല. പ്രീക്വാർട്ടറിൽ പി എസ് ജിക്കെതിരെ പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചടിച്ച പ്രകടനം യുണൈറ്റഡ് ആവർത്തിക്കുമെന്ന് പോൾ പോഗ്ബ ആരാധകർക്ക് ഉറപ്പുനൽകുന്നു.

മെസി, സുവാരസ്, കുടീഞ്ഞോ ത്രയത്തെ പിടിച്ചുകെട്ടാൻ യുണൈറ്റഡ് പതിനെട്ടടവും പുറത്തെടുക്കേണ്ടിവരും. മാറ്റിച്, സാഞ്ചസ്, ഹെരേര എന്നിവർ പരുക്ക് മാറിയെത്തിയാൽ യുണൈറ്റഡിന്‍റെ കരുത്ത് കൂടും. പോഗ്ബയും റഷ്ഫോർഡും ലുക്കാക്കുവും ഫോമിലേക്കുയർന്നാൽ അത്ഭുതങ്ങള്‍ സംഭവിക്കാം.

മറ്റൊരു പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസ് ഹോം ഗ്രൗണ്ടിലാണ് അയാക്സിനെ നേരിടുന്നത്. ആദ്യപാദത്തിൽ ഇരുടീമും ഓരോഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ അസാധ്യ മികവ് പുറത്തെടുക്കുന്ന റൊണാൾഡോയിൽ തന്നെയാണ് യുവന്‍റസിന്‍റെ പ്രതീക്ഷകളെല്ലാം. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തിയെത്തുന്ന അയാക്സിന്‍റെ കരുത്ത് യുവതാരങ്ങളാണ്.