ബാഴ്‌സലോണ: കറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്പാനിഷ് ലീഗിലെ ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടം മാറ്റിവെച്ചു. ഈ മാസം 26ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാംപ്‌നൗവില്‍ നടക്കേണ്ട മത്സരമാണ് മാറ്റിയത്.

2017ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് നേതാക്കളെ തടവുശിക്ഷക്ക് വിധിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭം രൂക്ഷമായത്. എല്‍ ക്ലാസിക്കോയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ഏഴിനായിരിക്കും മത്സരം നടക്കുകയെന്നാണ് സൂചന.

നേരത്തെ മത്സരം റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെ‍ർണബ്യൂവിൽ നടത്താനും ശ്രമം നടന്നിരുന്നു. മത്സരം ഒക്‌ടോബർ 26ന് കാംപ് നൗവിൽ തന്നെ നടത്തണമെന്ന് ബാഴ്സ പരിശീലകന്‍ ഏണസ്റ്റോ വെല്‍വെര്‍ദെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലീഗില്‍ എട്ട് കളികളില്‍ 18 പോയന്റുള്ള റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുമാണ്.