ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയത്തുടർച്ച കൈവിടാതെ ബാഴ്സലോണ. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. മത്സരത്തില്‍ ഇരട്ട ഗോള്‍(34, 72 മിനുറ്റുകളില്‍) നേടിയ ലയണല്‍ മെസി തന്‍റെ അമ്പതാം ഫ്രീകിക്ക് ഗോളും സ്വന്തമാക്കി. 

ഇതോടെ 22 പോയിന്‍റുമായി ബാഴ്സ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ക്ലെമെന്‍റ് ലെംഗ്‍ലെറ്റ് നയം വ്യക്തമാക്കി. വിദാലും സുവാരസും കൂടി ഗോളുകള്‍ നേടിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു. പതിനഞ്ചാം മിനിറ്റില്‍ കീകോയിലൂടെയാണ് വല്ലാഡോളിഡ് ഏക ഗോള്‍ മടക്കിയത്.

അതേസമയം ഒന്നാം സ്ഥാനത്തേക്കുയരാമെന്ന മോഹവുമായി ഇറങ്ങിയ അത്‌ലറ്റികോ മാഡ്രിഡിനെ അലാവസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എഴുപതാം മിനിറ്റില്‍ അത്‌ലറ്റികോയാണ് ആദ്യ ഗോള്‍ നേടിയത്. 83-ാം മിനിറ്റില്‍ ലൂകാസ് പേരേസ് തിരിച്ചടിച്ചു. 20 പോയിന്‍റുമായി അത്‌ലറ്റികോ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍.