ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മുൻ ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. സ്ലാവിയ പ്രാഹയാണ് ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ലാ ലീഗയിൽ ലെവാന്‍റയോടുള്ള തോല്‍വിക്ക് പിന്നാലെയാണ് ചെക് ക്ലബിനോടുള്ള ബാഴ്സയുടെ സമനില. 

പരുക്കേറ്റ ലൂയിസ് സുവാരസും സാമുവൽ ഉംറ്റീറ്റിയും ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയത്. മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മെസിക്കും കൂട്ടർക്കും ഗോൾ കണ്ടെത്താനായില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ് എഫിൽ ഒന്നാംസ്ഥാനത്ത് തന്നെയാണ് ബാഴ്സ ഇപ്പോൾ.

മറ്റൊരു മത്സരത്തില്‍ ലിവർപൂള്‍ ബെൽജിയം ക്ലബായ ജെൻകിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജോർജിനോയും അലക്സ് ഒക്സ്‍ലാഡോയുമാണ് സ്‌കോറർമാർ. 14 , 53 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. ജയത്തോടെ ഗ്രൂപ്പ് ഇയിൽ ലിവർപൂൾ മുന്നിലെത്തി. നാല് കളികളിൽ നിന്ന് ഒന്‍പത് പോയിന്റാണ് ലിവർപൂളിനുള്ളത്. എട്ട് പോയിന്റുമായി നപ്പോളിയാണ് ഗ്രൂപ്പിൽ രണ്ടാമത്.

അതേസമയം ചെൽസി-അയാക്സ് പോരാട്ടം ആവേശകരമായ സമനിലയിലായി. ഇരുടീമുകളും നാല് ഗോളുകൾ വീതം നേടി. മത്സരത്തിൽ 3-1 ന് പുറകിൽ നിന്ന ശേഷമാണ് ചെൽസി സമനില പിടിച്ചെടുത്തത്. ചെൽസിക്കായി ജോർജിനോഹ് രണ്ട് ഗോളുകൾ നേടി. സീസറും ജെയിംസുമാണ് മറ്റ് സ്‌കോറർമാർ, 

ചെൽസി താരങ്ങളായ കേപയുടെയും ടാമിയുടെയും സെൽഫ് ഗോളുകളാണ് അയാക്സിന് കരുത്തായത്. ഡോമിയും പ്രോമസും അയാക്സിനായി ഗോൾ നേടി. ഗ്രൂപ്പിൽ ഇരുടീമുകൾക്കും ഏഴ് പോയിന്റാണ് ഉളളത്. ഗോൾ ശരാശരിയിൽ ചെൽസിയാണ് ഒന്നാമത്.