ബാഴ്‌സലോണ: യുവേഫ ചാംമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിച്ചിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണയില്‍ വന്‍ അഴിച്ചുപണി. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ അടിയന്തര ടീം ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. ടീം പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമയാണ് യോഗം വിളിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനം പോലം ഉറപ്പില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പുതിയ പരിശീലകനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം ഇപ്പോഴത്തെ പരിശീലകന്‍ ക്വികെ സെറ്റിയന്‍ പുറത്തായെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്്. ലിയോണല്‍ മെസിയുടെ കാരാര്‍ നീട്ടുമോയെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. സ്‌പോട്ടിംഗ് ഡയറക്ടര്‍ എറിക് ആബിദാലിന്റെ ഭാവിയും തീരുമാനിക്കും. അദ്ദേഹത്തിനും പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും. 

നെതര്‍ലന്‍ഡ്‌സിന്റെ ഇപ്പോഴത്തെ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ടീമിന്റെ പരിശീലകനായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം ചര്‍ച്ചകള്‍ക്കായി ബാഴ്‌സലോണയിലെത്തിയെന്നും കറ്റാലന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സയുടെ മുന്‍ താരംകൂടിയാണ് കോമാന്‍. അതേസമയം ടോട്ടന്‍ഹാം പരിശീലകന്‍ മൗറീസിയോ പൊച്ചെട്ടിനോയേയും പരിഗണിക്കുന്നുണ്ട്. മുന്‍ ബാഴ്‌സ- സ്പാനിഷ് താരം സാവി ഫെര്‍ണാണ്ടസ്, മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി എന്നിവരും പട്ടികയിലുണ്ട്.

ടീമില്‍നിന്ന് നിരവധി താരങ്ങള്‍ പുറത്തായേക്കും. ലൂയിസ് സുവാരസ്, ജെറാര്‍ഡ് പിക്വെ, ബുസ്‌കെറ്റ്‌സ് എന്നിവര്‍ക്കൊന്നും സ്ഥാനം ഉറപ്പില്ല. ലിയോണല്‍ മെസി, ടെര്‍സ്‌റ്റെഗന്‍, ഡി യോങ്, റിക്കി പുജ് എന്നിവരെ നിലനിര്‍ത്തും. എന്നാല്‍ ക്ലബ് വിടാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇത്തരം കാര്യങ്ങളിലെല്ലാം ഞായറാഴ്ച തീരുമാനമുണ്ടാവും.