മാഡ്രിഡ്: ലാ ലീഗയിൽ എല്ലാ മത്സരങ്ങളും പൂർത്തിയായില്ലെങ്കിൽ ആർക്കും കിരീടം നൽകില്ലെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ. സ്പാനിഷ് എഫ് എ പ്രസിഡന്റ് ലുയിസ് റുബിയാലസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലീഗിൽ  ഇരുപത്തിയേഴ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 58 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയാണ് ഒന്നാംസ്ഥാനത്ത്.

56 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാംസ്ഥാനത്താണ്. ലീഗില്‍ ഇനി 11 റൗണ്ട് മത്സരങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്. സീസണ്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പോയന്റ് ടേബിളില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് കിരീടം സമ്മാനിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊവിഡ് 19 കാരണം സ്പെയ്നിലെ എല്ലാ ലീഗ് മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ജൂൺ മുപ്പതിന് മുൻപ് ലാ ലാലീഗയിലെ മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ.