മാഡ്രിഡ്: ലാ ലിഗ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില. ലെഗാനെസുമായുള്ള മത്സരം 2-2 സമനിലയില്‍ പിരഞ്ഞു. റയല്‍ നേരത്തെ കിരീടമുറപ്പിച്ചിരുന്നു.  അതേസമയം ബാഴ്‌സലോണ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി. അലാവസിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. അത്‌ലറ്റികോ മാഡ്രിഡ് - റയല്‍ സോസിഡാഡ് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തി. സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍ ബ്രയാന്‍ ഗില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലെഗാനസിനെ ഒപ്പമെത്തിച്ചു. എന്നാല്‍ മാര്‍കോ അസെന്‍സിയോ ഒരിക്കല്‍ കൂടി റയലിന് ലീഡ് നല്‍കി. എന്നാല്‍ 78ാം മിനിറ്റില്‍ റോജര്‍ അസലെ ലെഗാനസിന് സമനിലയുറപ്പിച്ച ഗോള്‍ സമ്മാനിച്ചു.

അലാവസിനെതിരെ മെസി നിറഞ്ഞാടി. രണ്ട് ഗോള്‍ നേടുന്നതിനൊപ്പം ഒരു അസിസ്റ്റും മെസി നല്‍കി. അന്‍സു ഫാറ്റി, ലൂയിസ് സുവാരസ്, നെല്‍സണ്‍ സെമേഡോ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. റയല്‍ സോസിഡാഡിനെതിരെ 30ാം മിനിറ്റില്‍ കോക്കെ നേടിയ ഗോളില്‍ അത്‌ലറ്റികോ മുന്നിലെത്തി. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ സോസീഡാഡ് ഒപ്പമെത്തുകയായിരുന്നു. ബാഴ്‌സയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് അത്‌ലറ്റികോ അവസാനിപ്പിച്ചത്.