ബാഴ്‌സലോണ: കരിയറില്‍ 700 ഗോളിനരികെ ബാഴ്‌സലോണ താരം ലിയോണല്‍ മെസി. ഇന്നലെ ലാ ലിഗയില്‍ ലെഗാനസിനെതിരെ ഒരു ഗോള്‍ നേടിയതോടെയാണ് മെസി 699 ഗോള്‍ പൂര്‍ത്തിയാക്കിയത്. ബാഴ്‌സലോണയ്ക്കായി 629 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. 70 ഗോളുകള്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയായിരുന്നു.

മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. യുവതാരം അന്‍സു ഫാറ്റിയാണ് മറ്റൊരു ഗോള്‍ നേടിയത്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൂവില്‍ അവസാന സ്ഥാനക്കാരായ ലെഗാനസിനെതിരെ അത്ര എളുപ്പമായിരുന്നില്ല ബാഴ്‌സലോണയ്ക്ക്. ആദ്യ പകുതിയില്‍ നന്നായി വിയര്‍ത്തു. എന്നാല്‍ 42ാം മിനിറ്റില്‍ ഫാറ്റിയുടെ ഗോള്‍ നിലവിലെ ചാംപ്യന്മാര്‍ക്ക് ആശ്വാസമായി.

69ാം മിനിറ്റില്‍ മെസി ബാഴ്‌സയുടെ ലീഡുയര്‍ത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു മെസിയുടെ ഗോള്‍. ഇതോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരും ബദ്ധവൈരികളുമായ റയല്‍ മാഡ്രിഡുമായുള്ള അകലം ബാഴ്സ അഞ്ചു പോയിന്റായി ഉയര്‍ത്തുകയും ചെയ്തു. മറ്റൊരു കളിയില്‍ വിയ്യാറയല്‍ 1-0നു മയോര്‍ക്കയെ കീഴടക്കിയപ്പോള്‍ ഗെറ്റാഫെയും എസ്പാന്യോളും തമ്മിലുള്ള മല്‍സരം ഗോള്‍രഹിതമായി കലാശിച്ചു.

29 മത്സരങ്ങളില്‍ 64 പോയിന്റാണ് ബാഴ്‌സയ്ക്ക്. 28 മത്സരങ്ങളില്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡ് 59 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 29 മത്സരങ്ങളില്‍ 51 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തുണ്ട്.