Asianet News MalayalamAsianet News Malayalam

സന്ദേശ് ജിങ്കാന് പിന്നാലെ നായകന്‍ ഓഗ്‌ബെച്ചേയും കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു

യൂറോപ്പില്‍ പിഎസ്‌ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച  ഒഗ്‌ബെച്ചെ ക്ലബ്ബിന് നൽകിയ സേവനങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കൃതജ്ഞത അറിയിക്കുന്നുവെന്നും  അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്ലബ്ബ് അറിയിച്ചു.

Bartholomew Ogbeche leaves Kerala Blasters FC
Author
Kochi, First Published Aug 28, 2020, 6:27 PM IST

കൊച്ചി: സന്ദേശ് ജിങ്കാന് പിന്നാലെ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നയിച്ച സെന്റർ ഫോർവേഡ് ബർത്തലോമിയോ ഓഗ്‌ബെച്ചെ ക്ലബ്ബ് വിട്ടു.  കഴിഞ്ഞ സീസണില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ 35കാരനായ നൈജീരിയൻ താരം ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ബ്ലാസ്റ്റേഴ്സിനായി 15 കളികളില്‍ 16 ഗോളുകള്‍ ഓഗ്ബെച്ചെ നേടി. ഡിസംബറില്‍ ചെന്നൈയിനെതിരെ ഓഗ്ബെച്ചെ നേടിയ ഗോളായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്.

യൂറോപ്പില്‍ പിഎസ്‌ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച  ഒഗ്‌ബെച്ചെ ക്ലബ്ബിന് നൽകിയ സേവനങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കൃതജ്ഞത അറിയിക്കുന്നുവെന്നും  അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്ലബ്ബ് അറിയിച്ചു. ഈ വഴിപിരിയൽ അവിശ്വസനീയമാണെന്ന് ഓഗ്ബെച്ചെ പറഞ്ഞു. ഞാൻ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വളരെ  അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാൻ എപ്പോഴും ഓർക്കും.

എന്റെ ടീമംഗങ്ങൾക്കും പരിശീലകർക്കും മാനേജ്മെന്റിനും എല്ലാ സ്റ്റാഫുകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണിൽ എല്ലായ്പ്പോഴും നിങ്ങൾ നൽകിയ  സ്നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട്  ഞാൻ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല. ഭാവിയിൽ ക്ലബ്ബിന് ധാരാളം വിജയങ്ങൾ നേരുന്നു", ക്ലബുമായി വഴിപിരിഞ്ഞുകൊണ്ട് ഓഗ്‌ബച്ചേ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതുക്കിയ ഓഫർ ഓഗ്ബെച്ചെക്ക് നൽകിയിരുന്നുവെങ്കിലും അവസാനം പരസ്പര ബഹുമാനത്തോടെ വഴിപിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് നന്മ നേരുന്നുവെന്നും കരോലിസ് സ്കിൻകിസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios