കൊച്ചി: ചെന്നൈയിനെതിരായ മത്സരത്തിന് മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസവും ആശങ്കയും. വിദേശതാരം സെര്‍ജിയോ സിഡോഞ്ച ചെന്നൈയിനെതിരെ കളിക്കില്ലെന്ന് പരിശീലകന്‍ ഷാറ്റോറി വ്യക്തമാക്കി. എന്നാല്‍ നായകന്‍ ബര്‍ത്തലോമ്യൂ ഓഗ്‌ബച്ചേ ടീമിലേക്ക് തിരിച്ചെത്തുമെന്നും ഷാറ്റോറി പറഞ്ഞു. 

അതേസമയം മുംബൈക്കെതിരെ സഹൽ അബ്ദുൽ സമദിന്‍റെ പ്രകടനം മോശമായിരുന്നുവെന്നും എന്നാല്‍ അര്‍ക്വെസിനെ പരീക്ഷിക്കുന്നതിനായാണ് സഹലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും ഷാറ്റോറി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സ്ഥിരമായി പരിക്കേൽക്കുന്നതിന്‍റെ കാരണം അറിയാമെന്നും എന്നാല്‍ അത് മാധ്യമങ്ങളോട് പറയാന്‍ താത്പര്യമില്ലെന്നും ഷാറ്റോറി പറഞ്ഞു. 

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി മത്സരം കൊച്ചിയിൽ സമനിലയിൽ അവസാനിച്ചിരുന്നു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. 71-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ജംഷഡ്പൂരിനെതിരെ മെസി ബൗളി നേടിയ ഇരട്ടഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയത്. ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സി കെ വിനീത് ജംഷഡ്പൂരിനായി ഗോള്‍ നേടി.