മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ യുവന്റസ്, ബയേണ്‍ മ്യൂനിച്ച്, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ക്ക് ജയം. എന്നാല്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനിലയായിരുന്നു  ഫലം.  പിഎസ്ജിക്കെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് റയല്‍ സമനില വഴങ്ങിയത്. കരീം ബെന്‍സേമ റയലിനായി രണ്ട് ഗോളടിച്ചപ്പോള്‍ എംബാപ്പെ, സറാബിയ എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍. പതിമൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. 

സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി അപ്രതീക്ഷിത തിരിച്ചടിനേരിട്ടു. ഷക്താര്‍ ഡോണസ്‌കാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. സെര്‍ജി അഗ്യൂറോ ഇല്ലാതെ ഇറങ്ങിയ സിറ്റി മത്സരത്തിന്റെ 56ആം മിനുറ്റില്‍ ഗുണ്ടോഗനിലൂടെ മുന്നിലെത്തി. എന്നാല്‍ 69ആം മിനിറ്റില്‍ മനോര്‍ സോളമനിലൂടെ ഷക്താര്‍ സമനില പിടിച്ചു. 

യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചു. തകര്‍പ്പന്‍ ഫ്രീക്കിക്കിലൂടെ ഡിബാലയാണ് ഗോള്‍നേടിയത്.13 പോയിന്റുള്ള യുവന്റസാണ് ഗ്രൂപ്പില്‍ ഒന്നാമത്. അടുത്ത മത്സരം ജയിച്ചാല്‍ മാത്രമെ അത്‌ലറ്റികോ മാഡ്രിഡിന് നോക്കൗട്ട് റൗണ്ടിലെത്താനാകൂ. 

മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂനിച്ചിന് ആറ് ഗോളിന്റെ  ജയം. ലെവന്‍ഡോവ്‌സ്‌കിയുടെ നാല് ഗോള്‍ മികവില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രിഡിനെ തകര്‍ക്കുകയായിരുന്നു ബയേണ്‍. 14 മിനുറ്റ് 31 സെക്കന്റിനുള്ളിലാണ് ലെവന്‍ഡോവ്‌സ്‌കി നാല് ഗോളുകളും പിറന്നത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ വേഗമേറിയ ക്വാഡ്രിപ്പിളാണിത്.

ഹൊസെ മോറീഞ്ഞോയ്ക്ക് കീഴില്‍ ആദ്യ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് ഇറങ്ങിയ ടോട്ടനത്തിന് ജയം. ഒളിംപിയാക്കോസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോട്ടനം തകര്‍ത്തത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് ടോട്ടനത്തിന്റെ ശക്തമായ തിരിച്ചുവരവ്. ജയത്തോടെ ടോട്ടനം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.