ലിസ്ബണ്‍: പറങ്കി നാടിന്‍റെ തലസ്ഥാനത്ത് യൂറോപ്പിലെ കാല്‍പ്പന്ത് കളിയുടെ ആറാം തമ്പുരാക്കന്മാരായി ജര്‍മ്മന്‍ ക്ലബ് ബയേണിന്‍റെ പട്ടാഭിഷേകം. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനിറങ്ങിയ പിഎസ്ജിയുടെ പോരാട്ടത്തെ ഒരു ഗോളിന്‍റെ പിന്‍ബലത്തിലാണ് ബയേണ്‍ മ്യൂണിക്ക് മറികടന്നത്. ബയേണായി കിംഗ്സലി കോമാന്‍ പൊന്നും വിലയുള്ള ഏക ഗോള്‍ നേടി.

യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്‍റെ ഏറ്റവും വലിയ പോരാട്ടത്തില്‍ രണ്ട് ടീമും ആദ്യ തന്നെ കരുതിക്കൂട്ടിയാണ് കളത്തിലിറങ്ങിയത്. ബാഴ്സയെ തകര്‍ത്തെറിഞ്ഞ, ലിയോണിനെ മുക്കിയ ബയേണിന്‍റെ ഹൈ ലൈന്‍ ഡിഫന്‍സിനെ നേരിടാന്‍ എല്ലാ തയാറെടുപ്പുകളും തിയാഗോ സില്‍വയും സംഘവും എടുത്തിരുന്നു. പന്ത് കൈവശം വയ്ക്കുന്നതില്‍ ആധിപത്യം പുലര്‍ത്തിയപ്പോഴും ഗോള്‍മേളം നടത്തുന്ന ബയേണ്‍ ആക്രമണനിരയെ പിഎസ്ജി ആദ്യപകുതിയില്‍ പിഎസ്ജി പിടിച്ച് നിര്‍ത്തി. അതേസമയത്ത് തന്നെ ബയേണ്‍ നഷ്ടപ്പെടുത്തുന്ന പന്തില്‍ നിന്ന് കൗണ്ടര്‍ അറ്റാക്കുകളായി എതിര്‍ ബോക്സിലേക്ക് എംബാപ്പെയും ഡി മരിയയും നെയ്മറും കുതിച്ചെത്തി. 

എന്നാല്‍, ബയേണ്‍ പ്രതിരോധം തകര്‍ന്നപ്പോഴെല്ലാം മാനുവര്‍ ന്യൂയറിന്‍റെ കൃത്യതയ്ക്ക് മുന്നില്‍ ഫ്രഞ്ച് ത്രിമൂര്‍ത്തികള്‍ക്ക് മറുപടി ഇല്ലാതെ പോയി. ആദ്യ പകുതിയില്‍ ലെവന്‍ഡോവ്സ്കിയുടെ ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ച ഒരു അവസരം മാത്രമാണ് ബയേണിന് ഓര്‍ത്ത് വയ്ക്കാനായി ബാക്കിയുണ്ടിയിന്നുള്ളൂ.

മറുവശത്ത് ഒരുപാട് അവസരങ്ങള്‍ തുറന്ന് വന്നതെല്ലാം പിഎസ്ജി താരങ്ങള്‍ പാഴാക്കി. ബോക്സിനുള്ളില്‍ ലഭിച്ച മത്സരത്തിലെ ഏറ്റവും വലിയ സുവര്‍ണാവസരം എംബാപ്പെ ന്യൂയറിന്‍റെ കൈകളിലേക്ക് അടിച്ച് കൊടുത്തപ്പോള്‍ മരിയുടെ ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. നെയ്മറിന്‍റെ മുന്നേറ്റം ന്യൂയറിന്‍റെ മിടുക്കില്‍ ബയേണ്‍ തകര്‍ക്കുകയും ചെയ്തു.

ഒരു ഗോള്‍ ആരെങ്കിലും നേടിയേക്കുമെന്ന ഘട്ടത്തിലാണ് ആദ്യ പകുതിക്ക് അവസാനമായത്. മത്സരം വഴുതി പോകുന്നതിന്‍റെ സൂചനകള്‍ ലഭിച്ച ബയേണ്‍ തന്ത്രങ്ങള്‍ മാറ്റി. ഇതിന്‍റെ ബാക്കിയായാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. പിഎസ്ജി പ്രതിരോധപ്പൂട്ടിന് മുകളിലൂടെ ജോഷ്വാ കിമ്മിച്ച് തൊടുത്ത് വിട്ട ക്രോസില്‍ ഫാര്‍ പോസ്റ്റില്‍ കൃത്യമായി തലവയ്ക്കേണ്ട ഉത്തരവാദിത്വം മാത്രമേ കോമാന് ഉണ്ടായിരുന്നുള്ളൂ. നവാസിന് എത്തിപ്പിടിക്കാന്‍ പോലും സാധിക്കാതെ പന്ത് വലയെ ചുംബിച്ചു. കലാശപ്പോരിന് ആദ്യഇലവനില്‍ ഇടം കൊടുത്ത പരിശീലകന്‍റെ വിശ്വാസത്തിന് ഗോളുമായി കോമാന്‍ നന്ദി പ്രകാശിപ്പിച്ചു. 

ഒരു ഗോളിന് മുന്നിലെത്തിയതോടെ ബയേണ്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ പിഎസ്ജി ബോക്സില്‍ അഴിച്ചു വിട്ടു. ഫ്രഞ്ച് ക്ലബ്ബിനായി അവസാന മത്സരം കളിക്കുന്ന തിയാഗോ സില്‍വയും കിംബെംബെയും ഒരുവിധമാണ് ഗോള്‍ വഴങ്ങാതെ പിടിച്ച് നിന്നത്. ഇതിനിടെ സമനില ഗോളിനായി പിഎസ്ജി ആവും വിധമെല്ലാം ശ്രമിച്ചു. നെയ്മര്‍ നിറംമങ്ങിയതോടെ പിഎസ്ജിയുടെ താളമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഒപ്പം എംബാപ്പെ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ 50 വര്‍ഷത്തെ ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തില്‍ ഫ്രഞ്ച് സംഘം തോല്‍വി സമ്മതിച്ചു. 

ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആറാം കിരീടമാണ് ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. ഇതോടെ കിരീട നേട്ടത്തില്‍ ലിവര്‍പൂളിന് ഒപ്പം അവര്‍ മൂന്നാം സ്ഥാനത്തെത്തി. ഏഴ് കിരീടമുള്ള എ സി മിലാനാണ് രണ്ടാം സ്ഥാനത്ത്. സ്പാനിഷ് കരുത്തുമായി റയല്‍ മാഡ്ര‍ിഡ് 13 കിരീടവും ഏറെ മുന്നിലാണ്.