മ്യൂനിച്ച്: ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂനിച്ച് കിരീടമുറപ്പിച്ചു. തുടര്‍ച്ചയായ എട്ടാം തവണയാണ് ബയേണ്‍ കിരീടം നേടുന്നത്. എവേ മല്‍സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വെര്‍ഡര്‍ ബ്രെമനെയാണ് കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ബയേണ്‍ മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ ജയം.

രണ്ടു റൗണ്ടുകള്‍ ബാക്കി നില്‍ക്കെയാണ് ബയേണ്‍ കിരീടമുറപ്പാക്കിയത്. ആദ്യ പകുതി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഗോള്‍ ബയേണിന്റെ ജയും ഉറപ്പിക്കുകയായിരുന്നു. സീസണിലെ 31ാം ഗോളാണ് താരം നേടിയത്. കരിയറില്‍ ഇതാദ്യമായാണ് ബുണ്ടസ് ലിഗയുടെ ഒരു സീസണില്‍ അദ്ദേഹം 30ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയത്. 

ലീഗിലെ രണ്ടാംസ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേക്കാള്‍ ആറ് പോയിന്റ് മുന്നിലാണ് ബയേണ്‍. മറ്റു മല്‍സരങ്ങളില്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 3-0ന് വോള്‍ഫ്സ്ബര്‍ഗിനെയും ഫ്രീബര്‍ഗ് 2-1ന് ഹെര്‍ത്താ ബെര്‍ലിനെയും യൂനിയന്‍ ബെര്‍ലിന്‍ 1-0ന് പെഡര്‍ബോണിനെയും കീഴടക്കി.