Asianet News MalayalamAsianet News Malayalam

നാണക്കേട്, തല കുനിച്ച് മെസിയും സംഘവും; ബയേണ്‍ ബാഴ്‌സയ്ക്ക് കൊടുത്തത് എട്ടിന്റെ പണി

ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സലോണ തോല്‍വി ഉറപ്പിച്ചു. മത്സരത്തിന് 31 മിനിറ്റ് പ്രായമാവുമ്പോള്‍ തന്നെ നാല് ഗോളുകള്‍ ബാഴ്‌സയുടെ വലയിലെത്തിയിരുന്നു.
 

bayern munich humiliated barcelona in uefa champions league
Author
Lisbon, First Published Aug 15, 2020, 3:42 AM IST

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ നാണംകെട്ട് ബാഴ്‌സലോണ. ബയേണ്‍ മ്യൂനിച്ചിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ പരാജയം. ഇതോടെ ബയേണ്‍ മ്യൂനിച്ച് സെമിയില്‍ പ്രവേശിച്ചു. തോമസ് മുള്ളര്‍, ഫിലിപെ കുടിഞ്ഞോ എന്നിവര്‍ ഇരട്ടഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ജെ നാബ്രി, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍. ലൂയിസ് സുവാരസ് ബാഴ്‌സയ്ക്കായി ഒരു ഗോള്‍ മടക്കി. ഒരുഗോള്‍ ബയേണിന്റെ ദാനമായിരുന്നു. 

ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സലോണ തോല്‍വി ഉറപ്പിച്ചു. മത്സരത്തിന് 31 മിനിറ്റ് പ്രായമാവുമ്പോള്‍ തന്നെ നാല് ഗോളുകള്‍ ബാഴ്‌സയുടെ വലയിലെത്തിയിരുന്നു. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ബാഴ്‌സയുടെ എക്കാലത്തേയും വലിയ തോല്‍വിയാണിത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ബാഴ്‌സലോണയ്ക്ക് ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താനായില്ല. മത്സരത്തില്‍ ബാഴ്‌സ ചിത്രത്തിലെ ഇല്ലായിരുന്നു. ബയേണിന്റെ ഹൈപ്രഷര്‍ ഗെയിമിന് മുന്നില്‍ മെസിക്കും സംഘത്തിനും പൊരുതാന്‍ പോലും സാധിച്ചില്ല. 

നാലാം മിനിറ്റില്‍ തന്നെ ബാഴ്‌സയുടെ വലയില്‍ പന്തെത്തി. വരാന്‍ പോകുന്ന മലവെള്ളപ്പാച്ചിലിന്റെ തുടക്കം മാത്രം. ലെന്‍ഡോവ്‌സ്‌കിയുടെ പാസില്‍ മുള്ളറാണ് വലകുലുക്കിയത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബാഴ്‌സ തിരിച്ചടിച്ചു. സെല്‍ഫ് ഗോളാണ് ബാഴ്‌സയെ ഒപ്പമെത്തിച്ചത്. എന്നാല്‍ പിന്നീട് നടന്നത് ഫുട്‌ബോള്‍ ചരിത്ത്രിലെ ഏറ്റവും വലിയ വധങ്ങളിലൊന്നാണ്. 21ാം മിനിറ്റില്‍ നാബ്രിയുടെ പാസ് സ്വീകരിച്ച് പെരിസിച്ച് തൊടുത്ത ഷോട്ട് ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റെഗാനെ കാഴ്ച്ചക്കാനാക്കി. 27ാം മിനിറ്റില്‍ നാബ്രിയും 31ാം മിനിറ്റില്‍ മുള്ളറും വല ചലിപ്പിച്ചു. ആദ്യപകുതി അങ്ങനെയങ്ങ് അവസാനിച്ചു.

രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ ബാഴ്‌സ ഒരു ഗോള്‍കൂടി തിരിച്ചടിച്ചു. ലൂയിസ് സുവാരസാണ് ഗോള്‍ നേടിയത്. ആറ് മിനിറ്റ് മാത്രമായിരുന്നു ഗോളാഘോഷത്തിന് ആയുസ്. അല്‍ഫോണ്‍സോ ഡേവിസിന്റെ തകര്‍പ്പന്‍ അസിസ്റ്റില്‍ കിമ്മിച്ച് ലീഡുയര്‍ത്തി. 75ാം മിനിറ്റില്‍ ഫിലിപെ കുടിഞ്ഞോ കളത്തിലേക്ക്. ബാഴ്‌സയില്‍ നിന്ന് ലോണിലെത്തിയ താരമാണ് കുടിഞ്ഞോ. കളത്തിലിറങ്ങിയ ശേഷം ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ അസിസ്റ്റ്. ലെവന്‍ഡോസ്‌കിക്ക് തല വെക്കുക മാത്രമെ വേണ്ടിയിരുന്നുള്ളൂ. 85ാം മിനിറ്റില്‍ ഗോളും കുടിഞ്ഞോയുടെ കാലില്‍ നിന്ന് പിറന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോളുമായി കുടിഞ്ഞോ ബാഴ്‌സയുടെ പെട്ടിയിലെ അവസാന ആണിയും പതിച്ചു. മെസിയുടെയും സംഘത്തിന്റേയും പതനം പൂര്‍ണം.

Follow Us:
Download App:
  • android
  • ios