മ്യൂനിച്ച്: ബുണ്ടസ്‌ലിഗയില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബയേണ്‍ മ്യൂനിച്ച് ചാംപ്യന്മാര്‍. ലീഗിലെ അവസാന മത്സരത്തില്‍ എയിന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെ 5-1ന് തകര്‍ത്താണ് ബയേണ്‍ ചാംപ്യന്മാരായത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെക്കാള്‍ രണ്ട് പോയിന്റ് കൂടുതല്‍ നേടിയാണ് ബയേണ്‍ ചാംപ്യന്‍ഷിപ്പ് നേടിയത്. അവസാന മത്സരത്തില്‍ ബൊറൂസിയ 2-0ത്തിന് മോഞ്ചന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. 

കിംഗ്സ്ലി കോമന്‍, ഡേവിഡ് ആലാബ, റെനാറ്റോ സാഞ്ചസ്, ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍ എന്നിവര്‍ ബയേണിന് വേണ്ടി ഗോളുകള്‍ നേടി. 34 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റ് നേടിയാണ് ബയേണ്‍ കിരീടം നേടിയത്. ഡോര്‍ട്ട്മുണ്ടിന് 76 പോയിന്റാണുള്ളത്. 

ഫ്രാങ്ക് റിബേറി, ആര്യന്‍ റോബന്‍ എന്നിവര്‍ക്ക് ബയേണ്‍ ജേഴ്‌സിയില്‍ അവസാന മത്സരമായിരുന്നു ഇന്നത്തേത്. 66 പോയന്റ് സ്വന്തമാക്കിയ ആര്‍ ബി ലീപ്സിഗ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.