ബുദപെസ്റ്റ്: യുവേഫ ചാംപ്യന്‍സ് ലീഗിന് പിന്നാലെ സൂപ്പര്‍ കപ്പ് കിരീടവും ബയേണ്‍ മ്യൂനിച്ചിന്. യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ 2-1ന് തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടം നേടിയത്. എക്‌സ്ട്രാ ടൈമില്‍ വിധിയെഴുതിയ പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്ന ബയേണിന്റെ ജയം. തുടക്കത്തില്‍ ലീഡെടുത്ത ശേഷമാണ് സെവിയ്യ തോല്‍വി സമ്മതിച്ചത്. ലിയോണ്‍ ഗൊരെട്‌സ്‌ക, സാവി മാര്‍ട്ടിനെസ് എന്നിവരാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. ലൂകാസ് ഒകാംപോസിന്റെ വകയായിരുന്നു സെവിയ്യയുടെ ഏകഗോള്‍.  

മത്സരത്തില്‍ ആധിപത്യം ബയേണിന് ആയിരുന്നെങ്കിലും 13ാം മിനിറ്റില്‍ സെവിയ്യ ലീഡെടുത്തു. ഇവാന്‍ റാകിടിച്ചിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഒകാംപോസ് ഗോളാക്കി മാറ്റി. എന്നാല്‍ അധികനേരം ആഘോഷത്തിന് ആയുസുണ്ടായിരുന്നില്ല. ആദ്യപകുതിയല്‍ തന്നെ ബയേണ്‍ കടം വീട്ടി. 34ാം മിനിറ്റില്‍ ഗൊരെട്‌സ്‌ക ജര്‍മന്‍ ചാംപ്യന്മാരെ ഒപ്പമെത്തിക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ലെവന്‍ഡോസ്‌കി മറ്റൊരു ഗോള്‍ നേടിയെങ്കില്‍ വാര്‍ നിഷേധിച്ചു. 

രണ്ടാം പകുതിയില്‍ ബയേണ്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടന്നില്ല. ഇതിനിടെ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച രണ്ട് അവസരങ്ങള്‍ സെവിയ്യ താരങ്ങള്‍ പാഴാക്കി. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 104ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു വിജയഗോള്‍ പിറക്കാന്‍. പകരക്കാനായി ഇറങ്ങിയ മാര്‍ട്ടിനെസ് ഗോള്‍ നേടുകയായിരുന്നു. ഇതോടെ ബയേണ്‍ സൂപ്പര്‍ കപ്പ് ഉറപ്പിച്ചു.