ബെര്‍ലിന്‍: ബുണ്ടസ്‌ലിഗയില്‍ കിരീടത്തോടടുത്ത് ബയേണ്‍ മ്യനിച്ച്. ഇന്നലെ നടന്ന മത്സരത്തില്‍ ബയേര്‍ ലെവര്‍ക്കൂസനെ രണ്ടിനെതിരേ നാല് ഗോളിന് തകര്‍ത്തതോടെ ബയേണ്‍ കിരീടത്തോടടുത്തു. 30 മത്സരത്തില്‍ നിന്ന് 70 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 29 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണുള്ളത്. നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ലീഗില്‍ ബയേണിന് ബാക്കിയുള്ളത്. ലെയ്പ്സിഗാണ് (59) മൂന്നാം സ്ഥാനത്ത്.

ബയേണിനായി ഒരു ഗോള്‍ നേടിയ ലെവന്‍ഡോസ്‌കി റെക്കോഡ് കൂടി സ്വന്തമാക്കി. സീസണില്‍ 44 ഗോളുകളാണ് ലെവന്‍ഡോസ്‌കി സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബുണ്ടസ്‌ലിഗയില്‍ മാത്രം 30 ഗോളാണ് പോളണ്ട് താരം നേടിയത്. കൂടാതെ തുടര്‍ച്ചയായ അഞ്ചാം സീസണാണ് 40 ഗോളിന് മുകളില്‍ ലെവന്‍ഡോസ്‌കി വലകുലുക്കുന്നത്. ബുണ്ടസ് ലിഗയില്‍ 30 ഗോളിന് മുകളില്‍ ലെവന്‍ഡോസ്‌കി നേടുന്നത് ഇത് മൂന്നാം തവണയാണ്. 

ലെവന്‍ഡോസ്‌കിക്ക് പിന്നാലെ കിങ്സ്ലി കോമാന്‍, ലിയോന്‍ ഗൊറീസ്‌ക, സെര്‍ജി നാബ്രി എന്നിവര്‍ ഓരോ ഗോള്‍ നേടി.