ബെലാറസ്: കൊവിഡ് ഭീതിയില്‍‌ വിദേശ ആരാധകര്‍ കളിക്കളത്തിലേക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് വേറിട്ട രീതിയിലുള്ള ആരാധകര്‍ക്ക് മുന്‍പില്‍ ഫുട്ബോള്‍ കളിച്ച് ബെലാറസ് ക്ലബ്ബ്. കൊവിഡ് 19 മഹാമാരിക്കിടയിലും രാജ്യത്തെ ഫുട്ബോള്‍ ലീഗുമായി മുന്നോട്ടുപോകുമെന്ന് ബെലാറസ് ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചതോടെയാണ് ഗാലറിയില്‍ വേറിട്ട കാണികള്‍ എത്തിയത്. ആരാധകരുടെ കട്ട് ഔട്ടുകള്‍ക്ക് മുന്‍പിലായിരുന്നു ബെലാറസ് ഫുട്ബോള്‍ ക്ലബ്ബായ ഡൈനാമോ ബ്രെസ്റ്റിന്‍റെ മത്സരം. ജേഴ്സിയണിഞ്ഞ നിരവധി ആരാധകരുടെ കട്ട്ഔട്ടുകള്‍ക്കൊപ്പം ഏതാനും പേരും മത്സരം കാണാന്‍ എത്തിയിരുന്നു. 

ഇത്തരത്തില്‍ ആരാധകര്‍ക്ക് വെര്‍ച്വലായി മത്സരം കാണാന്‍ ഓണ്‍ലൈനായി ടിക്കറ്റും ക്ലബ്ബ് ഏര്‍പ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുക്കുന്ന ആരാധകരുടെ ഫോട്ടോയാണ് കട്ട്ഔട്ടുകളുടെ രൂപത്തില്‍ ഗാലറിയിലിരുന്ന മത്സരം കണ്ടത്. ഈ മത്സരത്തിലൂടെ സ്വരുക്കൂട്ടിയ പണം  കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഉപയോഗിക്കുമെന്നാണ് സംഘാടകരുടെ നിലപാട്. റഷ്യ, ബ്രിട്ടണ്‍, യുഎഇ, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരാണ് ഇത്തരത്തില്‍ മത്സരം വെര്‍ച്വലായി കണ്ടത്. 

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ലോകമെമ്പാടും കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കെ ലീഗുമായി മുന്നോട്ട് പോകുമെന്ന നിലപാട് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.  നിലവില്‍ രാജ്യത്തെ സാഹചര്യങ്ങളില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നും കാണികളെ പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങള്‍ നടത്തുമെന്നുമായിരുന്നു അസോസിയേഷന്‍റെ തീരുമാനം. സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാണികള്‍ക്ക് പനിയുണ്ടോ എന്ന് പരിശോധിച്ച ശേഷമെ പ്രവേശനം അനുവദിക്കൂവെന്നും നിലവിലെ സാഹചര്യത്തില്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് 19 രോഗം ബാധിച്ച് ബെലാറസില്‍ ഇതുവരെ ആറുപേരാണ് മരിച്ചത്. 1486 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ കായികമത്സരങ്ങളൊന്നും റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കൊവിഡ് വൈറസ് ബാധയെ പേടിക്കേണ്ടെന്നും രോഗം പടരാതിരിക്കാന്‍ ജനങ്ങള്‍ വോഡ്ക കഴിക്കുകയും ഇടക്കിടെ കൈ കഴുകുകയും ചെയ്താല്‍ മതിയെന്നാണ് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെന്‍ങ്കോയുടെ നിലപാട്. ഗ്രാമങ്ങളിലെ ജനങ്ങള്‍ ട്രാക്ടറില്‍ പാടത്ത് പണിയെടുക്കുകയാണ്. ആരും കൊറോണയെക്കുറിച്ച് പറയുന്നില്ല. ട്രാക്ടറും പാടങ്ങളും എല്ലാ മഹാമാരിയെയും ശമിപ്പിക്കുമെന്നും ലൂക്കാഷെങ്കോ പറഞ്ഞു.