Asianet News MalayalamAsianet News Malayalam

ചെല്‍സിയുടെ ഈ പതിറ്റാണ്ടിലെ മികച്ച ഇലവന്‍; സൂപ്പര്‍ താരങ്ങള്‍ കളത്തിന് പുറത്ത്

കഴിഞ്ഞ പത്തുവർഷം ചെൽസിക്കായി കളിച്ചവരിൽ നിന്ന് ഗോൾ ഡോട്ട് കോം ആണ് ഏറ്റവും മികച്ച പതിനൊന്ന് താരങ്ങളെ കണ്ടെത്തിയത്

Best Chelsea XI in this Decade
Author
Chelsea Football Club, First Published Oct 16, 2019, 10:28 AM IST

ചെല്‍സി: ഈ പതിറ്റാണ്ടിലെ ചെൽസിയുടെ ഏറ്റവും മികച്ച ഇലവനില്‍ ഇടംപിടിക്കാതെ ഡീഗോ കോസ്റ്റയും സെസ്ക് ഫാബ്രിഗാസും. കഴിഞ്ഞ പത്തുവർഷം ചെൽസിക്കായി കളിച്ചവരിൽ നിന്ന് ഗോൾ ഡോട്ട് കോം ആണ് ഏറ്റവും മികച്ച പതിനൊന്ന് താരങ്ങളെ കണ്ടെത്തിയത്.

ഗോൾ വലയത്തിന് മുന്നിൽ ഇതിഹാസ താരം പീറ്റർ ചെക്കാണ്. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച പീറ്റർ ചെക്ക് 2004-05 സീസണിൽ 24 മത്സരങ്ങളിലാണ് ഗോൾ വഴങ്ങാതെ പോസ്റ്റിന് മുന്നിൽ നിലയുറപ്പിച്ചത്. പ്രീമിയ‍ർ ലീഗിലെ ഒറ്റ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകളുള്ള ഗോളി ഇപ്പോഴും പീറ്റർ ചെക്കാണ്.

ബ്രാനിസ്ലാവ് ഇവാനോവിച്, ജോൺ ടെറി, ഗാരി കാഹിൽ, ആഷ്‍ലി കോൾ എന്നിവരാണ് പ്രതിരോധത്തിൽ. വലതു വിംഗിലാണ് ബ്രാനിസ്ലാവ് എത്തുക. സെൻട്രൽ ഡിഫൻസിൽ ടെറിയും കാഹിലും. അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെൽസി ഇംഗ്ലീഷ് ലീഗിൽ കപ്പുയർത്തിയപ്പോൾ ടെറി ആയിരുന്നു നായകൻ. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇടതുവിംഗ് ബാക്കുകളിൽ ഒരാളാണ് ആഷ്‍ലി കോൾ. ചെൽസിക്കായി 338 മത്സരങ്ങളിൽ കളിച്ച അനുഭവസമ്പത്തുമുണ്ട്. 

മധ്യനിരയിൽ എൻഗോളെ കാന്‍റെ, ഇപ്പോഴത്തെ കോച്ച് ഫ്രാങ്ക് ലാംപാർഡ്, യുവാൻ മാറ്റ എന്നിവരാണുള്ളത്. കരിയറിലുടനീളം മധ്യനിരയിൽ കളിച്ചിട്ടും ചെൽസിയുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് ലാംപാ‍‍ർഡ്. 211 ഗോളാണ് ചെൽസി ജഴ്‌സിയിൽ ലാംപാർഡിന്റെ സമ്പാദ്യം. വില്യൻ, ദിദിയർ ദ്രോഗ്‌ബ, എഡൻ ഹസാർഡ് എന്നിവരാണ് മുന്നേറ്റത്തിൽ. ചെൽസിക്കുവേണ്ടി 300 മത്സരം പൂ‍ർത്തിയാക്കിയ വില്യൻ ഇപ്പോഴും ടീമിന്‍റെ അവിഭാജ്യ ഘടകമാണ്.

കിംഗ് ഓഫ് സ്റ്റാംഫോർഡ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ദ്രോഗ്‌ബ ചെൽസിയുടെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കറാണ്. ഐവറികോസ്റ്റ് താരം ചെൽസിക്കായി നേടിയത് 104 ഗോളുകൾ. ഈ സീസണിൽ റയൽ മാഡ്രിലേക്ക് ചേക്കേറിയ ഹസാർഡ് കഴിഞ്ഞ പത്തുവർഷത്തിനിടെ ചെൽസിയിൽ കളിച്ച ഏറ്റവും പ്രതിഭാധനനായ കളിക്കാരൻ എന്നാണ് വിലയിരുത്തപ്പെടുന്നത്. 352 കളിയിൽ 110 ഗോളും സ്വന്തം പേരിനൊപ്പം കുറിച്ചു.

സെസാർ ആസ്പലിക്യൂട്ട, സെസ്ക് ഫാബ്രിഗാസ്, ഡീഗോ കോസ്റ്റ, ഡേവിഡ് ലൂയിസ് എന്നിവരാണ് പതിനൊന്നംഗ ടീമിൽ ഇടംപിടിക്കാതെ പോയ ചെൽസിയുടെ പ്രമുഖ താരങ്ങൾ. 

Follow Us:
Download App:
  • android
  • ios