റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോളില്‍ ഇനി പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും തുല്യവേതനം.  ബ്രസീൽ ഫുട്ബോൾ കോൺഫെഡറേനാണ് പുരുഷ-വനിതാ താരങ്ങള്‍ക്കിടയിലെ വേതനത്തിലെ അസമത്വം  ഇല്ലാതാക്കി ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്. പുരുഷ താരങ്ങൾക്കു നൽകുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും നൽകുമെന്നാണ് കോണ്‍ഫെഡറേഷന്റെ പ്രഖ്യാപനം.

ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെയാണ് പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകാൻ ബ്രസീലും മുന്നോട്ടുവരുന്നത്. പുരുഷ-വനിതാ താരങ്ങളെ ഒരുപോലെ കാണുമെന്ന് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് റൊഗേറിയോ കാബോക്ലോ പറഞ്ഞു. പുരുഷതാരങ്ങള്‍ക്കൊപ്പം തുല്യവേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീം യുഎസ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് പുരുഷ-വനിതാ താരങ്ങള്‍ക്കിടയിലെ വേതനത്തിലെ അസമത്വം ചര്‍ച്ചയായത്. അമേരിക്കന്‍ ടീമിന്റെ ഹര്‍ജി കോടതി തള്ളിയെങ്കിലും പുരുഷ-വനിതാ താരങ്ങള്‍ക്കിടയിലെ വേതനത്തിലെ അസമത്വം ലോകമെമ്പാടും വലിയ ചര്‍ച്ചായായിരുന്നു.

വേതനത്തിനൊപ്പം പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കുമുള്ള പ്രൈസ് മണിയും അലവൻസുകളും തുല്യമാക്കിയിട്ടുണ്ട്.  ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ മാർച്ചിൽത്തന്നെ ദേശീയ വനിതാ ടീം മാനേജരെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര വനിതാ ഫുട്ബോളിൽ നിലവിൽ എട്ടാം റാങ്കിലാണ് ബ്രസീൽ വനിതകൾ. യുഎസ്, ജർമനി, ഫ്രാൻസ്, ഹോളണ്ട്, സ്വീഡൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ ഏഴു വരെ സ്ഥാനങ്ങളിൽ. 2007ലെ ലോകകപ്പില്‍ റണ്ണറപ്പുകാളയ ബ്രസീല്‍ 2004ലും 2008ലും ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.