ഫിഫ ലോകകപ്പിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുത്തി. മാത്യൂസ് ക്യൂഞ്ഞ ഇരട്ട ഗോളുകൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ ഒരു ഗോൾ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തിയ ബ്രസീലിന് റാഫീഞ്ഞയുടെ പരിക്ക് ആശങ്കയായി.

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പില്‍ ഹെയ്തിക്കെതിരായ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലില്‍ കുഞ്ഞന്മാരായ ഹെയ്തിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു. ഫൈനല്‍ വിസില്‍ വരെ മികച്ച പ്രതിരോധം തീര്‍ത്ത് ഈ ലീഡ് നിലനിര്‍ത്താന്‍ ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്കായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമാണ് നല്‍കുന്നത്. പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. മറുവശത്ത്, ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും, തങ്ങളുടെ വേഗതയിലൂടെ ബ്രസീലിന് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ഹെയ്തിക്ക് കഴിഞ്ഞു. 1974-ന് ശേഷം ആദ്യമായാണ് ഹെയ്റ്റി ലോകകപ്പ് കളിക്കാന്‍ എത്തുന്നത്.

റാഫീഞ്ഞയുടെ പരിക്ക് ആശങ്ക

മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റ് ബ്രസീലിയന്‍ മുന്നേറ്റ താരം റാഫീഞ്ഞയ്ക്ക് കളം വിടേണ്ടി വന്നത് വന്‍ വിജയത്തിനിടയിലും ടീമിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാര്‍ലോ ആന്‍സലോട്ടിയുടെ പരിശീലനത്തില്‍ ഇറങ്ങുന്ന ടീമിലെ നിര്‍ണായക താരമാണ് 29-കാരനായ എഫ് സി ബാഴ്‌സലോണ വിംഗര്‍. ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 18-ല്‍ 13 മത്സരങ്ങളിലും കളിച്ച റാഫീഞ്ഞ, ടീം നേടിയ 24 ഗോളുകളില്‍ അഞ്ചെണ്ണം സ്വന്തമാക്കി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

ഗ്രൂപ്പ് സിയിലെ നിലവിലെ അവസ്ഥ

ഹെയ്തിക്കെതിരായ 3-0 വിജയത്തോടെ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ടീമിന്. 25ന് പുലര്‍ച്ചെ 3.30നാണ് ബ്രസീലിന്റെ അടുത്ത മത്സരം. സ്‌കോട്ട്‌ലന്‍ഡാണ് എതിരാളികള്‍.

YouTube video player