ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ യുഎസ്എ ഓസ്ട്രേലിയയെ 2-0ന് പരാജയപ്പെടുത്തി. ഓസീസ് താരം കാമറൂൺ ബോർജസിന്റെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ യുഎസ്എ, അലക്സ് ഫ്രീമാന്റെ ഹെഡർ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു,

ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ. ഓസീസ് ഡിഫൻഡർ കാമറൂൺ ബോർജസിന്റെ കാലിൽ നിന്നാണ് ആദ്യ ഗോൾ വീണതെങ്കിലും അത് സെൽഫ് ഗോളായിരുന്നു. 43ാം മിനിറ്റിൽ അലക്സ് ഫ്രീമാൻ ഹെഡ്ഡറിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കി. ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാർ പരിശോധനയിൽ ഗോൾ അനുവദിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കത്തിൽ തന്നെ യുഎസ്എയുടെ ആധിപത്യം പ്രകടമായിരുന്നു. 11–ാം മിനിറ്റിൽ യുഎസ് താരം ഫൊലാരിൻ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്ട്രേലിയയുടെ സെൽഫ് ഗോളിൽ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂൺ ബോർജസിന്റെ ശ്രമം പരാജയപ്പെട്ടു. ബോർജസിന്റെ കാലിൽ തട്ടിയ പന്ത് സ്വന്തം വല കുലുക്കി. ആ സെൽഫ് ഗോളിൽ യുഎസ് 1–0 മുന്നിലെത്തി.

ഗോൾ നേടി സമനില പിടിക്കാനുള്ള ഓസ്ട്രേലിയയുടെ ശ്രമം ഫലം കണ്ടില്ല. യുഎസിനെ തടയാനുള്ള ശ്രമത്തിനിടെ ഓസീസ് ഡിഫൻഡർമാരായ ജോർദാൻ ബോസും അലെസ്സാൻഡ്രോ സിർക്കാറ്റിയും യെല്ലോ കാർഡ് കണ്ടു. 43–ാം മിനിറ്റിലാണ് യുഎസിന്റെ രണ്ടാം ഗോൾ പിറന്നത്. കിക്കെടുത്തത് അന്റോണീ റോബിന്‍സൻ ആണെങ്കിലും പന്ത് സെർജിനോ ‍ഡസ്റ്റിലൂടെ ഗോൾ പോസ്റ്റിനു തൊട്ടുമുന്നിലെത്തിയ അലക്സ് ഫ്രീമാന്‍റെ കാലിലെത്തി. ഫ്രീമാൻ ആ പന്ത് ഹെഡ് ചെയ്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു. ലൈൻ റഫറി ഉടനെ ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിച്ചു. യുഎസ് പ്രതിരോധത്തിന് മുന്നിൽ ഗോളൊന്നും നേടാനാവാതെ ഓസ്ട്രേലിയ മടങ്ങി. സ്കോര്‍ 2–0.