2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് 1-1ന് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീല്‍ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ടീം പരിഭ്രാന്തിയിലായിരുന്നുവെന്നും വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ മൊറോക്കോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീല്‍ ടീമിന്റെ പ്രകടനത്തെ പരസ്യമായി വിമര്‍ശിച്ച് മുഖ്യ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഫിഫ ലോകകപ്പില്‍ ബ്രസീല്‍ പരിശീലകനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിലുള്ള നിരാശ ആന്‍സലോട്ടി മറച്ചുവെച്ചില്ല. ഗ്രൂപ്പ് സിയിലെ ഉദ്ഘാടന മത്സരത്തില്‍ മൊറോക്കോയുടെ കനത്ത വെല്ലുവിളിയാണ് ബ്രസീലിന് നേരിടേണ്ടി വന്നത്. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ താരങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലും പരിഭ്രാന്തിയിലുമായിരുന്നെന്ന് ആന്‍സലോട്ടി മത്സരശേഷം തുറന്നുപറഞ്ഞു. ''നമുക്ക് ഒരുപാട് മെച്ചപ്പെടാനുണ്ട്. ഇതൊരു കഠിനമായ മത്സരമായിരുന്നു, പ്രത്യേകിച്ച് കളിയുടെ തുടക്കത്തില്‍. ടീം മൊത്തത്തില്‍ വലിയ ആശങ്കയിലായിരുന്നു, കളിയിലുടനീളം പരിഭ്രാന്തി പ്രകടമായിരുന്നു.'' ആന്‍സലോട്ടി തന്റെ ആദ്യ വിലയിരുത്തലില്‍ വ്യക്തമാക്കി. ആദ്യ പകുതിയില്‍ ബ്രസീല്‍ ടീം തികച്ചും അസംതുലിതമായാണ് കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഇസ്മായില്‍ സായ്ബാരിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 32-ാം മിനിറ്റില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ നേടിയ മാന്ത്രിക ഗോളാണ് ബ്രസീലിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചതും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും.

രണ്ടാം പകുതിയില്‍ ആന്‍സലോട്ടി വരുത്തിയ ചില തന്ത്രപരമായ മാറ്റങ്ങളും പകരക്കാരുടെ ഇറക്കവും ബ്രസീലിന്റെ കളി മെച്ചപ്പെടുത്തിയെങ്കിലും മൊറോക്കോയുടെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. ഇഞ്ചുറി ടൈമില്‍ ഗോള്‍കീപ്പര്‍ അലിസണ്‍ നടത്തിയ രക്ഷപ്പെടുത്തലുകളാണ് ബ്രസീലിന് ഒരു പോയിന്റെങ്കിലും ഉറപ്പാക്കിയത്. ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ആന്‍സലോട്ടിക്കും സംഘത്തിനും ഈ സമനില തുടക്കത്തില്‍ തന്നെ വലിയൊരു മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

YouTube video player