മത്സരത്തിൽ വിക്ടർ ഗബ്രിയേൽ നടത്തിയ ക്രൂരമായ ടാക്കിളിൽ പെക്കിന്‍റെ ഇടതുകാലിലെ അസ്ഥിക്ക് സാരമായി പരിക്കേറ്റു. സംഭവസ്ഥലത്തു വച്ചുതന്നെ റഫറി ഗബ്രിയേലിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു.
ബ്രസീലിയ: കായിക ലോകത്ത് അപൂർവ്വവും കടുപ്പമേറിയതുമായ ശിക്ഷാവിധിയുമായി ബ്രസീലിയൻ കായിക കോടതി. എതിർ താരത്തെ മാരകമായി ഫൗൾ ചെയ്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഇന്‍റർനാഷണൽ ക്ലബ്ബിന്‍റെ ഡിഫൻഡർ വിക്ടർ ഗബ്രിയേലിനാണ് ഈ വേറിട്ട സസ്‌പെൻഷൻ ലഭിച്ചത്. വിക്ടർ ഗബ്രിയേലിന്‍റെ ഫൗളില്‍ പരിക്കേറ്റ ക്രൂസെയ്‌റോയുടെ ഫോർവേഡ് ഗബ്രിയേൽ പെക്ക് പരിക്കില്‍ നിന്ന് മുക്തനായി പരിശീലനത്തിന് തിരികെയെത്തുന്നത് വരെയാണ് കോടതി ഗബ്രിയേലി വിലക്കിയത്. സസ്‌പെൻഷൻ കാലയളവ് പരമാവധി ആറ് മാസമായിരിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ബ്രസീലിയൻ സീരി എ ലീഗ് മത്സരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കൻ ലീഗായ എം.എൽ.എസിലെ എൽ.എ ഗാലക്സിയിൽ നിന്ന് അടുത്തിടെ ക്രൂസെയ്‌റോയിലെത്തിയ പെക്കിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. മത്സരത്തിൽ വിക്ടർ ഗബ്രിയേൽ നടത്തിയ ക്രൂരമായ ടാക്കിളിൽ പെക്കിന്‍റെ ഇടതുകാലിലെ അസ്ഥിക്ക് സാരമായി പരിക്കേറ്റു. സംഭവസ്ഥലത്തു വച്ചുതന്നെ റഫറി ഗബ്രിയേലിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു.
എന്നാൽ, സാധാരണ നൽകുന്ന കുറഞ്ഞ മത്സരങ്ങളുടെ വിലക്ക് ഈ കുറ്റത്തിന് മതിയാകില്ലെന്ന് വിലയിരുത്തിയാണ് സ്പോർട്സ് ജസ്റ്റിസ് കൗൺസിൽ വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചത്. കോടതിക്ക് മുന്നിൽ ഹാജരായ വിക്ടർ ഗബ്രിയേൽ സംഭവത്തിൽ മാപ്പ് പറഞ്ഞു. തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു അത്. ഞാൻ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയ എനിക്ക് അപ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂവെന്ന് വിക്ടർ ഗബ്രിയേൽ പറഞ്ഞു.
അതിനിടെ, വിചാരണയ്ക്കിടെ മറ്റൊരു അപ്രതീക്ഷിത സംഭവവും അരങ്ങേറി. കളിക്കാരന്‍റെ പ്രതിരോധത്തിനായി ഇന്‍റർനാഷണൽ ക്ലബ് സമർപ്പിച്ച വാർ ഓഡിയോ റെക്കോർഡിംഗിന്‍റെ നിഷ്പക്ഷതയെക്കുറിച്ച് കോടതി സംശയം ഉന്നയിച്ചു. തുടർന്ന് തങ്ങൾ സമർപ്പിച്ചത് റഫറിയുടെ ഔദ്യോഗിക റെക്കോർഡിംഗല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ ആണെന്നും ക്ലബ്ബിന് കോടതിയിൽ സമ്മതിക്കേണ്ടിവന്നു. നിലവിലെ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാനാണ് ഇന്‍റർനാഷണൽ ക്ലബ്ബിന്‍റെ തീരുമാനം.
