പ്രീ ക്വാർട്ടറിൽ ബ്രസീൽ ഇന്ന് നോർവെയെ നേരിടും. ജപ്പാനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബ്രസീൽ ഇറങ്ങുമ്പോൾ, ഗോളടി മികവ് തുടരുന്ന ഹാളണ്ടിലാണ് നോർവെയുടെ പ്രതീക്ഷ.
ന്യൂജേഴ്‌സി: നോർവെക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് ബ്രസീൽ ഇറങ്ങുകയാണ്. നോക്കൗട്ട് മത്സരത്തിൽ ജപ്പാനോട് മികച്ച മത്സരം കാഴ്ചവച്ച് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ഇറങ്ങുന്നത്. മുന്നേറ്റത്തിൽ വിനീഷ്യസ്, എൻട്രിക്ക്, മാർട്ടിനെല്ലി, കുന്യ എന്നീ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതും മധ്യനിരയിലും പ്രതിരോധത്തിലുമായി ബ്രൂണോ ഗിമാറെഷ്, കാസമിറോ, മാർക്വിനസ്, ഗബ്രിയേൽ എന്നിവർ തിളങ്ങിയതും ജപ്പാനെതിരെ ബ്രസീലിന് ഗുണകരമായി. പ്രതിരോധത്തിലെയും മധ്യനിരയിലെയും പിഴവുകൾ പരമാവധി ഒഴിവാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞാൽ നോർവേക്കെതിരെ അനായാസമായി വിജയിക്കാൻ കഴിയുമെന്നാണ് ബ്രസീൽ ആരാധകർ കരുതുന്നത്.
അതേസമയം ഹാളണ്ടിന്റെ മിന്നും പ്രകടനത്തിലാണ് നോർവെയുടെ പ്രതീക്ഷ. അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിക്കും എംബാപെയ്ക്കും തൊട്ടുപിന്നിലാണ് ഹാളണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് ഹാളണ്ടിന്റെ നേട്ടം എന്നതും ശ്രദ്ധേയമാണ്. നോക്കൗട്ടിലോ ഐവറികോസ്റ്റിനെ തോൽപിച്ചാണ് നോർവെ പ്രീ ക്വാർട്ടറിൽ എത്തിയത്. മത്സരത്തിൽ ഹാളണ്ട് തിളങ്ങുമെന്നാണ് പലരും വിലയിരുത്തുന്നത്.
എന്നാൽ ഹാളണ്ടിനെ പൂട്ടാൻ പ്രത്യേക പദ്ധതികൾ ഒന്നും തന്നെ തയ്യാറാക്കിയിട്ടില്ലെന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞിരിക്കുന്നത്. ഹാളണ്ട് എങ്ങനെയാണ് കളിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അത് എങ്ങനെ പ്രതിരോധിക്കാമെന്ന് തന്റെ കളിക്കാർക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
"ഹാളണ്ടിനെതിരെ ഒരു പ്രത്യേക പ്ലാൻ എന്നൊന്നും ഇല്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യവുമില്ല. അവർ മുൻപും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളതാണ്. ഹാളണ്ട് എങ്ങനെയാണ് കളിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്റെ ഡിഫൻഡർമാരോട് അതു പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല." ആഞ്ചലോട്ടി പറയുന്നു. അതേസമയം ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീൽ ടീമിനെതിരെ കളിക്കുക എന്നത് വലിയ നേട്ടമായാണ് താൻ കാണുന്നതെന്ന് നോർവെ പരിശീലകൻ സ്റ്റാലെ സോൽബക്കൻ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് മത്സരം പ്രധാനപ്പെട്ടതാണെന്നും ഷൂട്ടൗട്ട് വന്നാൽ പോലും ചെയ്യേണ്ട കാര്യങ്ങൾക്ക് ടീം തയ്യാറായിട്ടുണ്ടെന്നും സോൽബക്കൻ കൂട്ടിച്ചേർത്തു. ഇന്ന് രാത്രി ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.



