കൊൽക്കത്തയിൽ നടന്ന ചരിത്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനെതിരെ ഇന്ത്യക്ക് പരാജയം. വിനേഷ്യസ് ജൂനിയറും സംഘവും എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

കൊല്‍ക്കത്ത: ലോക ഫുട്‌ബോളിലെ ഭീമന്മാരായ ബ്രസീലിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന ചരിത്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. വിനേഷ്യസ് ജൂനിയറും കൂട്ടുകാരും അടങ്ങിയ ബ്രസീലിയന്‍ സംഘം എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്ലൂ ടൈഗേഴ്‌സിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ മഞ്ഞപ്പട, രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്നാണ് വലിയ വിജയം സ്വന്തമാക്കിയത്.

കളിയുടെ തുടക്കം മുതല്‍ ബ്രസീല്‍ ആക്രമണം അഴിച്ചുവിട്ടു. എസ്‌തേവാവോയും പെഡ്രോയുമാണ് ആദ്യ പകുതിയില്‍ ബ്രസീലിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ ആദ്യ പകുതിയിലെ തിരിച്ചടികള്‍ക്ക് ശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ രണ്ടാം പകുതിയില്‍ കളിക്കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ 53-ാം മിനിറ്റില്‍ റയാന്‍ വില്ല്യംസ് തൊടുത്ത ശക്തമായ ഷോട്ട് ബ്രസീല്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. പിന്നാലെ മന്‍വീര്‍ സിങ്ങിനും സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചു. 64-ാം മിനിറ്റില്‍ ബ്രസീല്‍ പ്രതിരോധത്തെയും ഗോള്‍കീപ്പറെയും മറികടന്ന് റയാന്‍ തൊടുത്ത ഷോട്ട് ഗോള്‍ലൈനില്‍ വെച്ച് ബ്രസീല്‍ താരങ്ങള്‍ ക്ലിയര്‍ ചെയ്തത് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി. തുടര്‍ന്ന് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇന്ത്യക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ സാമുവല്‍ ലിനോ നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിന്റെ വിജയം 4-0 എന്ന് ഉറപ്പിച്ചത്. റയാന്‍ വില്ല്യംസിനെയും മന്‍വീര്‍ സിങ്ങിനെയും പിന്നീട് പരിശീലകന്‍ ഖാലിദ് ജമീല്‍ പിന്‍വലിച്ചു. ഫലത്തില്‍ തോല്‍വിയോടെയാണ് അവസാനിച്ചതെങ്കിലും, ലോകോത്തര ടീമിനെതിരെ പൊരുതിനോക്കാനും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞത് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയൊരു ആത്മവിശ്വാസമാണ് നല്‍കുന്നത്.

YouTube video player