ഇരുരാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയ പശ്ചാത്തലത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു മത്സരം നടത്തേണ്ടതില്ലെന്നാണ് ബ്രസീൽ ഫെഡറേഷൻ പറയുന്നത്.

സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയെ അടുത്തമാസം നേരിടാൻ താൽപര്യമില്ലെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. പരിക്കും സസ്പെൻഷനും സാധ്യതയുള്ളതിനാൽ അനാവശ്യമായ ഒരു മത്സരം ഒഴിവാക്കണമെന്നാണ് ബ്രസീലിന്‍റെ നിലപാട്. ഒരു വർഷം മുൻപ് ബ്രസീലിലെ വോപോളോയിൽ അർജന്‍റീന,ബ്രസീൽ മത്സരം നടക്കുന്നിതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.

ബ്രസീൽ ആരോഗ്യവകുപ്പ് കൊവിഡ് പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി നാല് അർജന്‍റീന താരങ്ങളെ വിലക്കിയതോടെ അർജന്‍റീന ടീം മത്സരം ബഹിഷ്കരിച്ചു. ഫിഫ ഇരുരാജ്യങ്ങൾക്കും പിഴവിധിക്കുകയും പിന്നീട് വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സെപ്റ്റംബറിൽ മത്സരം നടത്താനാണ് ഫിഫ ആലോചിക്കുന്നത്. എന്നാൽ ബ്രസീലാണ് മത്സരം റദ്ദാകാൻ കാരണമെന്ന് നിലപാടെടുത്ത അർജന്‍റീന കായികതർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ വിധി ഈ മാസം അവസാനത്തോടെ വന്നേക്കും. ഇതിനിടെയാണ് ബ്രസീലും നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയ പശ്ചാത്തലത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു മത്സരം നടത്തേണ്ടതില്ലെന്നാണ് ബ്രസീൽ ഫെഡറേഷൻ പറയുന്നത്. ലോകകപ്പ് പടിവാതിലിൽ നിൽക്കെ താരങ്ങൾക്ക് പരിക്കേൽക്കാനും സസ്പെൻഷൻ സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

അർജന്‍റീനയും മത്സരം നടത്തേണ്ടെന്ന അഭിപ്രായത്തിലാണ്. കോച്ച് ടിറ്റെയുടെ താൽപര്യപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയൻ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൽഡോ റോഡ്രിഗസ് പറഞ്ഞു. ഖത്തർ ലോകകപ്പിൽ ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയ,സ്വിറ്റ്സർലൻഡ്,കാമറൂൺ ടീമുകൾക്കെതിരെയും അർജന്‍റീന മെക്സിക്കോ,പോളണ്ട്,സൗദി അറേബ്യ എന്നിവർക്കെതിരെയുമാണ് മത്സരിക്കുക. നവംബർ ഡിസംബർ മാസങ്ങളിലാണ് ഖത്തർ ലോകകപ്പ് നടക്കുന്നത്.

നേരത്തെ ജൂണില്‍ ബ്രസീലും അർജന്‍റീനയും തമ്മില്‍ ഓസ്ട്രേലിയയിൽ ഏറ്റുമുട്ടേണ്ടിയിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താൻ കഴിയില്ലെന്ന് അർജന്‍റീന ടീം സംഘാടകരെ അറിയിച്ചതിനെത്തുടര്‍ന്നാണ് അവസാന നിമിഷമാണ് മത്സരം റദ്ദാക്കിയത്.മത്സരത്തിന്‍റെ 60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന