Asianet News MalayalamAsianet News Malayalam

മെസിയോട് സ്നേഹമുണ്ട്, പക്ഷേ ബ്രസീലുകാരുടെ പിന്തുണ ഫ്രാന്‍സിനാകണം; കാരണം വ്യക്തമാക്കി ജൂലിയോ സെസാര്‍

അര്‍ജന്‍റീനയ്ക്കും ലിയോണൽ മെസിക്കും പിന്തുണ പ്രഖ്യാപിച്ച് ബ്രസീലിയന്‍ ഇതിഹാസം റിവാൾഡോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

Brazil former goalkeeper Julio Cesar backs France to win FIFA World Cup 2022
Author
First Published Dec 16, 2022, 7:45 AM IST

ദോഹ: ഫിഫ ലോകകപ്പ് ഫൈനലില്‍ ബ്രസീലിന്‍റെ പിന്തുണ ഫ്രാന്‍സിനാകണമെന്ന് ബ്രസീല്‍ മുന്‍ ഗോള്‍കീപ്പര്‍ ജൂലിയോ സെസാര്‍. ലിയോണല്‍ മെസിയോട് സ്നേഹമുണ്ട്. എന്നാൽ എല്ലാ ബ്രസീലുകാരനെയും പോലെ അര്‍ജന്‍റീനയോടുളള വൈരം മനസ്സിലുണ്ടാകും. ബ്രസീല്‍ ഫൈനലില്‍ കളിച്ചിരുന്നെങ്കില്‍ അര്‍ജന്‍റീനക്കാരുടെ പിന്തുണ എതിര്‍ ടീമിന് ഒപ്പമായേനേ. കാപട്യം കാണിക്കാതിരിക്കുകയല്ലേ നല്ലതെന്നും സെസാര്‍ ചോദിച്ചു. 2004 മുതൽ 10 വര്‍ഷം ബ്രസീല്‍ ടീമിൽ കളിച്ച സെസാർ മൂന്ന് ലോകകപ്പ് സ്ക്വാഡുകളില്‍ അംഗമായിരുന്നു. 2014ൽ ലോകകപ്പ് സെമിയിൽ ജര്‍മ്മിക്കെതിരെ 7 ഗോള്‍ വഴങ്ങിയുള്ള തോൽവി സെസാറിന്‍റെ കരിയറിലെ കളങ്കമായി.

എന്നാല്‍ അര്‍ജന്‍റീനയ്ക്കും ലിയോണൽ മെസിക്കും പിന്തുണ പ്രഖ്യാപിച്ച് ബ്രസീലിയന്‍ ഇതിഹാസം റിവാൾഡോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് റിവാൾ‍ഡോയുടെ പ്രതികരണം. ബ്രസീലോ നെയ്മര്‍ ജൂനിയറോ ലോകകപ്പില്‍ ഇനിയില്ല. അതുകൊണ്ട് അര്‍ജന്‍റീനയ്ക്കൊപ്പമാണ് താനെന്നായിരുന്നു റിവാൾഡോയുടെ വാക്കുകള്‍. ലിയോണൽ മെസിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ലോക കിരീടം മെസി അര്‍ഹിക്കുന്നുണ്ട്. ദൈവം എല്ലാം അറിയുന്നു. ഞായറാഴ്ച മെസിയുടെ കിരീടധാരണം ഉണ്ടാകുമെന്നും റിവാൾഡോ പറഞ്ഞു. ബ്രസീല്‍ കിരീടം നേടിയ 2002ലെ ലോകകപ്പിലെ 7 കളിയിൽ അ‍ഞ്ചിലും റിവാൾഡോ ഗോൾ അടിച്ചിരുന്നു. 

ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്‌ചയാണ് അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍. പിഎസ്‌ജിയില്‍ സഹതാരങ്ങളായ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. ഖത്തറില്‍ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. എംബാപ്പെയ്ക്ക് രണ്ട് എങ്കില്‍ മൂന്ന് അസിസ്റ്റുകള്‍ മെസിയുടെ പേരിലുണ്ട്. നാല് ഗോള്‍ വീതവുമായി അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസും ഫ്രാന്‍സിന്‍റെ ഒലിവര്‍ ജിറൂദും മെസിക്കും എംബാപ്പെയ്ക്കുമൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടമുഖത്തുണ്ട്. ബ്രസീല്‍ ലോകകപ്പില്‍ നിന്ന് നേരത്തെ തന്നെ മടങ്ങിയിരുന്നു.

ആശാന് പണി കിട്ടി; റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്‍റോസ് പുറത്ത്

Follow Us:
Download App:
  • android
  • ios