Asianet News MalayalamAsianet News Malayalam

പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; ഫുട്ബോള്‍ ലോകം പ്രാര്‍ഥനയില്‍

82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹ റിപ്പോര്‍ട്ട് ചെയ്യുന്നു

Brazil icon Pele moved to end of life care in hospital Report
Author
First Published Dec 3, 2022, 9:18 PM IST

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. 

പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ നിന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല. പെലെയുടെ മാനേജരും ഇതിഹാസ താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ കാമറൂണിനെതിരായ മത്സരത്തില്‍ പെലെയ്ക്ക് ആശംസകളുമായി ബ്രസീലിയന്‍ ആരാധകര്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ പരിശോധനകള്‍ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പെലെ കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 

പെലെ വീണ്ടും ആശുപത്രിയില്‍, ക്യാന്‍സറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും

 

Follow Us:
Download App:
  • android
  • ios