ഒരു പൊതുപരിപാടിയിൽ മികച്ച കളിക്കാരൻ നെയ്മറാണെന്ന് ഒരു കുട്ടി പറഞ്ഞപ്പോഴായിരുന്നു ലുലയുടെ പ്രതികരണം. പരിക്കുമൂലം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന നെയ്മർ, ബ്രസീലിന്റെ മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ്.
ബെലോ ഹൊറിസോണ്ടെ: ബ്രസീൽ സൂപ്പർതാരം നെയ്മറെ പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സില്‍വ. നെയ്മറെ 'വർക്ക് ഫ്രം ഹോം' പ്ലേയർ എന്നാണ് ലുല ഡാ സിൽവ പരിഹസിച്ചത്. ബെലോ ഹൊറിസോണ്ടെയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു ലുലയുടെ പരിഹാസം. പരിപാടിക്കിടെ സദസിലുണ്ടായിരുന്ന ഒരു കുട്ടിയോട് ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് ലുല ഡാ സിൽവ ചോദിക്കുകയുണ്ടായി. നെയ്മർ എന്ന് ഉത്തരം കേട്ടതോടെയാണ് ലുല ഡാ സിൽവ നെയ്മറെ പരിഹസിച്ചത്.
"നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ, അവന്‍ ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് കളിക്കാരനാണ്. ഞാന്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ കണ്ട ഒരു തമാശയാണിത്. ഇങ്ങനെ പോയാല്‍ ഏതെങ്കിലും ഒരു ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 11 പെലെമാരുള്ള ഒരു ദേശീയ ടീമിനെ ഉണ്ടാക്കേണ്ടി വരും." ലുല ഡാ സിൽവ പറഞ്ഞു. അതേസമയം ലുല ഡാ സിൽവയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രസിഡന്റിനെതിരെ രംഗത്തുവന്നത്.
ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ് നെയ്മർ. 129 മത്സരങ്ങളിൽ നിന്നും 79 ഗോളുകളാണ് 34 കാരനായ നെയ്മർ ഇതുവരെ നേടിയത്. പരിക്ക് മൂലം കരിയറിൽ നിരവധി മത്സരങ്ങളും ടൂർണമെന്റുകളും നഷ്ടമായ നെയ്മറുടെ കരിയറിലെ അവസാന ലോകകപ്പ് കൂടിയാണിത്. നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിന് വേണ്ടി കളിക്കുന്ന നെയ്മർ ഫിറ്റ്നസ് വീണ്ടെടുത്തതോടെ സ്കോട്ലാന്റുമായുള്ള ഗ്രൂപ് മത്സരത്തിൽ ഇറങ്ങുമെന്ന് ആൻസലോട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഹെയ്തിയുമായുള്ള കഴിഞ്ഞ മത്സരം വിജയിച്ച ബ്രസീലിന് നോക്ക്ഔട്ട് ഘട്ടം ഉറപ്പിക്കാനുള്ള മത്സരം കൂടിയാണ് സ്കോട്ലാന്റുമായുള്ളത്. നെയ്മർ ഇറങ്ങുന്നതോടെ ടീം ആക്രമണത്തിൽ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.


