ടോക്കിയോ: നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടി. നിർണായക മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ബ്രസീൽ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. മതേയൂസ് കൂഞ്ഞയുടെ ഇരട്ടഗോൾ മികവിലാണ് ബ്രസീലിന്റെ ജയം. പൗളീഞ്ഞോയാണ് മൂന്നാം ഗോൾ നേടിയത്.

പതിനൊന്നാം മിനിറ്റില്‍ പൗളീഞ്ഞോയാണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. മത്സരം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മതേയൂസ് കുഞ്ഞ ബ്രസീലിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോളും നേടി കുഞ്ഞ ബ്രസീലിന്റെ ജയവും ഒളിംപിക്സ് യോഗ്യതയും ഉറപ്പാക്കി. കൊളംബിയക്കും യുറുഗ്വേയ്ക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയതോടെ ബ്രസീലിന് അര്‍ജന്റീനക്കെതിരെ ജയം അനിവാര്യമായിരുന്നു.

പതിനാലാം തവണയാണ് ബ്രസീൽ ഒളിംപിക്സിന് യോഗ്യത നേടുന്നത്. ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഒളിംപിക്സിൽബ്രസീലിന്റെ നേട്ടം. ഫൈനൽ റൗണ്ടില്‍ യുറുഗ്വോയെയും കൊളംബിയെയും തകര്‍ത്ത് അ‍ർജന്റീന നേരത്തേ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയിരുന്നു. 2004ലും 2008ലും അര്‍ജന്റീന് ഒളിപിക്സില്‍ ഫുട്ബോള്‍ സ്വര്‍ണം നേടിയിട്ടുണ്ട്. അര്‍ജന്റീനയും ബ്രസീലും ഒളിംപിക്സ് യോഗ്യത നേടിയതോടെ യുറുഗ്വേയും കൊളംബിയയും യോഗ്യത നേടാതെ പുറത്തായി.