റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനായി രണ്ട് ഗോള്‍ നേടി. കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കേ എവര്‍ട്ടണ്‍ മൂന്നാം ഗോള്‍ നേടി. 

കോപ്പ അമേരിക്ക ചരിത്രത്തില്‍ ബ്രസീലിന്റെ നൂറാം ജയമായിരുന്നിത്. ആദ്യ പകുതില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ബ്രസീല്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഹെഡ്ഡറിലൂടെ കുടിഞ്ഞോ ലീഡൂയര്‍ത്തി. 85ാം മിനിറ്റില്‍ എവര്‍ട്ടന്റെ തകര്‍പ്പന്‍ ഗോള്‍ ബ്രസീലിന് 3-0ത്തിന്റെ ജയം സമ്മാനിച്ചു. 19ന് വെനസ്വെലയുമായിട്ടാണ് ബ്രസീലിന്റെ അടുത്ത മത്സരം. 

മറ്റൊരു മത്സരത്തില്‍ ലിയോണല്‍ മെസിയും സംഘവും ഇന്നിറങ്ങും. പുലര്‍ച്ചെ 3.30ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് അര്‍ജന്‍ീനയുടെ എതിരാളി. അവസാന രണ്ട് ഫൈനലുകളിലും തോറ്റ അര്‍ജന്റീനയ്ക്ക് അഭിമാനപ്പോരാട്ടമാണ്.