അര്‍ജന്റീന ഒറ്റയ്ക്കായില്ല! പരാഗ്വെയോട് തോറ്റമ്പി ബ്രസീലും; എട്ടില്‍ നാല് മത്സരങ്ങളും പരാജയപ്പെട്ടു
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. എട്ട് മത്സങ്ങളില്‍ 10 പോയിന്റാണ് ടീമിന്. അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖലയില്‍ ഒന്നാമത്.
അസുന്‍സിയോണ്‍: ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. നേരത്തെ, അര്‍ജന്റീനയും തോല്‍വി രുചിച്ചിരുന്നു. കൊളംബിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. മറ്റൊരു മത്സരത്തില്‍ വെനെസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോല്‍പ്പിച്ചു.
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. എട്ട് മത്സങ്ങളില്‍ 10 പോയിന്റാണ് ടീമിന്. അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖലയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാമത്. പരാഗ്വെയ്‌ക്കെതിരെ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. ലോകകപ്പ് യോഗ്യതയില്‍ എട്ടില്‍ നാല് മത്സരങ്ങളും ബ്രസീല്‍ തോറ്റു. മൂന്ന് ജയം ഒരു സമനില. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പരിതാപകരമാണ് ബ്രസീലിന്റെ അവസ്ഥ. പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ പഴി കേള്‍ക്കേണ്ടിവരുന്നു.
കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ മൊസക്വറയുടെ ഗോളില്‍ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസിന്റെ അസിസ്റ്റിലായിരുന്നു മൊസ്‌ക്വറ ഗോള്‍ നേടിയത്. ആദ്യപാതി ഈ നിലയില്‍ അവസാനിക്കുകയും ചെയ്തു.
രണ്ടാംപാതി ആരംഭിച്ചയുടനെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഗോണ്‍സാലിന്റെ ഗോളാണ് അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. റോഡ്രിഗസിന്റെ പെനാല്‍റ്റി ഗോളില്‍ കൊളംബിയ ലീഡെടുത്തു. അവസാന 30 മിനിറ്റുകളില്‍ അര്‍ജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല.