Asianet News MalayalamAsianet News Malayalam

നെയ്മറില്ലാത്തത് ബ്രസീല്‍ അറിയുന്നു, പ്രതിരോധം കടുപ്പിച്ച് സ്വിസ്; ആദ്യപാതി ഗോള്‍രഹിതം

മുന്നേറ്റ നിരയില്‍ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ റിച്ചാര്‍ലിസണിന് ഒപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ക്ക് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് ടീമിലെത്തി.

Brazil vs Switzerland fifa world cup half time report
Author
First Published Nov 28, 2022, 10:31 PM IST

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. നെയ്മറുടെ അഭാവം ബ്രസീലിന്റെ പ്രകടനത്തെ ബാധിക്കുന്നതാണ് കണ്ടത്. അതേസമയം, ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ സ്വിസ് പ്രതിരോധത്തിന് സാധിക്കുകയും ചെയ്തു. നെയ്മര്‍ക്ക് പകരം ഫ്രഡിനെ കളത്തിലിറക്കിയാണ് ബ്രസീല്‍ ഇറങ്ങിയത്.

12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം റഫീഞ്ഞയുടെ ഷോട്ട് സ്വിസ് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.

നെയ്മര്‍ക്ക് പകരം ഫ്രഡ്

മുന്നേറ്റ നിരയില്‍ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ റിച്ചാര്‍ലിസണിന് ഒപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ക്ക് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് ടീമിലെത്തി. റൈറ്റ് ബാക്കായി പരിക്കേറ്റ ഡാനിലോയ്ക്ക് പകരം റയല്‍ മാഡ്രിഡിന്റെ എഡര്‍ മിലിറ്റാവോ എത്തിയതോടെ പ്രതിരോധം വീണ്ടും ശക്തമായിട്ടുണ്ട്.

ലിവര്‍പൂളിന്റെ അലിസണ്‍ ആണ് ?ഗോള്‍ വല കാക്കുന്നത്. പ്രതിരോധത്തില്‍ മിലിറ്റാവോയെ കൂടാതെ മാര്‍ക്വീഞ്ഞോസ്, തിയാ?ഗോ സില്‍വ, അലക്‌സ് സാന്‍ട്രോ എന്നിവര്‍ അണിനിരക്കും. മധ്യനിരയില്‍ ഫ്രെഡിനെ കൂടാതെ കാസമിറോയും ലൂക്കാസ് പക്വേറ്റയുമാണ് ഉള്ളത്. നേരത്തെ, മിഡ്ഫീല്‍ഡര്‍ ലൂകാസ് പക്വേറ്റ, വിംഗര്‍ ആന്റണി, ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ എന്നിവര്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു.

ബ്രസീല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളാണ് ബ്രസീലിനെ രക്ഷിച്ചത്. സ്വിറ്റ്സര്‍ലന്‍ഡും ആദ്യ മത്സരം ജയിച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വിസ് ടീമിന്റെ ജയം. അതേസമയം, ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ കാമറൂണ്‍- സെര്‍ബിയ പോരാട്ടം സമനിലയില്‍ കലാശിച്ചു.

ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സ്ട്രഹിഞ്ഞ പാവ്ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്സാണ്ടര്‍ മിട്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി.
 

Follow Us:
Download App:
  • android
  • ios