കൊഹിമ: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്ലിനെതിരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ. ബില്ല് സിക്കിം ജനതയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ഹമരോ സിക്കിം പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ ബൂട്ടിയ പറഞ്ഞു. പൗരത്വ ബില്ല് നിയമമാകുന്നതോടെ സിക്കിമിലേക്ക് അന്യസംസ്ഥാനക്കാരുടെയും വിദേശികളുടെയും കുത്തൊഴുക്കായിരിക്കും ഉണ്ടാകുകയെന്നും ഇത് സിക്കിമിലെ ഭാവിതലമുറയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുമെന്നും ബൂട്ടിയ പറഞ്ഞു.

പൗരത്വ ബില്‍ വിഷയത്തില്‍ ബിജെപി സഖ്യക്ഷിള്‍ കൂടിയായ സംസ്ഥാനത്തെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് എന്താണ് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ബൂട്ടിയ പറഞ്ഞു.

പൗരത്വ ബില്ലിനുശേഷം സംസ്ഥാനത്തെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും പ്രതിപക്ഷമായ സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടും സഖ്യകക്ഷിയായ ബിജെപിയോട് സഖ്യം തുടരുന്ന കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോവുന്നതെന്ന് വ്യക്തമാക്കണമെന്നും ബൂട്ടിയ പറഞ്ഞു. പൗരത്വ നിയമം സിക്കിമില്‍ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ബൂട്ടിയ പറഞ്ഞു.