ഗുവാഹത്തി: ഐഎസ്എല്ലില്‍ വ്യാഴാഴ്‌ച നടക്കേണ്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി- ചെന്നൈയിന്‍ എഫ്‌സി മത്സരം പ്രതിസന്ധിയില്‍. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ മത്സരം നടക്കേണ്ട ഗുവാഹത്തിയില്‍ പടരുന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. മത്സരത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനം ഒഴിവാക്കിയതായി ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. 

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന്‍ മത്സരം നടക്കേണ്ടത്. മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. 

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് അസമില്‍ പടരുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയിരുന്നു. അസമിലെങ്ങും നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയോ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും വലിയ ചര്‍ച്ചയാണ് പാര്‍ലമെന്‍റിലും പുറത്തും നടക്കുന്നത്.