ബെന്‍സേമയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കാത്തതിനാല്‍ ഫ്രഞ്ച് സ്ക്വാഡില്‍ നിലവില്‍ 24 പേര്‍ മാത്രമേയുള്ളൂ

ദോഹ: ഫിഫ ലോകകപ്പ് തുടങ്ങിയപ്പോള്‍ തന്നെ പരിക്ക് പല ടീമുകള്‍ക്കും തലവേദനയായിരിക്കുകയാണ്. ലോകകപ്പിന് മുമ്പ് പരിക്ക് പിടികൂടിയ ഫ്രാന്‍സ് സ്‌ക്വാഡില്‍ നിന്ന് പ്രതിരോധ താരം ലൂക്കാസ് ഹെര്‍ണാണ്ടസാണ് ഏറ്റവും ഒടുവിലായി പുറത്തായിരിക്കുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമ, പോള്‍ പോഗ്‌ബ, എന്‍ഗോളോ കാന്‍റേ, കിംപെംബെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. ലോകകപ്പിനിടെ പരിക്കേറ്റാല്‍ പകരം താരങ്ങളെ സ്ക്വാഡിലേക്ക് ഉടനടി ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ?

ഉദ്ഘാടന മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള സമയപരിധി അവസാനിച്ചതിനാല്‍ ഇനി ടീമുകള്‍ക്ക് പരിക്കേറ്റവര്‍ക്ക് പകരക്കാരായി പുതിയ താരങ്ങളെ ഉള്‍ക്കൊള്ളിക്കാനാവില്ല. ബെന്‍സേമയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കാത്തതിനാല്‍ ഫ്രഞ്ച് സ്ക്വാഡില്‍ നിലവില്‍ 24 പേര്‍ മാത്രമേയുള്ളൂ. ഫ്രാന്‍സിന് മാത്രമല്ല, ഇംഗ്ലണ്ടിനും പരിക്കിന്‍റെ ആശങ്കയുണ്ട്. ഇറാനെതിരെ 6-2ന് വിജയിച്ച മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ഹാരി കെയ്‌നെ സ്കാനിംഗിന് വിധേയനാക്കും. യുഎസ്‌എയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്‍റെ അടുത്ത മത്സരം. ഹാരി കെയ്‌ന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായാല്‍ ഇംഗ്ലണ്ടിന്‍റെ സ്ട്രൈക്കര്‍ ഓപ്‌ഷനുകളെ പ്രതികൂലമായി ബാധിക്കും. 

സൂപ്പര്‍ താരങ്ങളുടെ പരിക്കിനിടയിലും ഫിഫ ലോകകപ്പില്‍ ഗംഭീര തുടക്കമാണ് ഫ്രാന്‍സ് നേടിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പിന്നില്‍ നിന്ന ശേഷം നാല് ഗോളടിച്ച് ഫ്രാന്‍സ് വിജയിക്കുകയായിരുന്നു. ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാന്‍സിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ഗുഡ്‌വിന്‍ ഓസീസിനായി ഫ്രഞ്ച് വല കുലുക്കി. ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ തോറ്റുതുടങ്ങുന്ന സമീപകാല പതിവ് തെറ്റിക്കുക കൂടിയായിരുന്നു ഫ്രാന്‍സ്. കിരീടം നിലനിര്‍ത്താനുറച്ചാണ് എംബാപ്പെയും സംഘവും ഖത്തറിലെത്തിയിരിക്കുന്നത്. 

ഞെട്ടിച്ച് തുടങ്ങിയ ഓസ്ട്രേലിയയെ തരിപ്പണമാക്കി ഫ്രാന്‍സിന്‍റെ പടയോട്ടം