മാഞ്ചസ്റ്റര്‍: നീണ്ട 11 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി സഹവാസത്തിന് വിരാമമിട്ട് നായകന്‍ വിന്‍സെന്‍റ് കൊമ്പനി. എഫ്‌എ കപ്പില്‍ വാറ്റ്‌ഫോര്‍ഡിനെ 6-0ന് തകര്‍ത്ത് സിറ്റി കിരീടം നേടിയതിന് പിന്നാലെയാണ് പ്രതിരോധഭടനായ കൊമ്പനി ക്ലബിന്‍റെ പടിയിറങ്ങുന്നത്. 10 കിരീടങ്ങള്‍ കൊമ്പനിക്ക് സിറ്റിയില്‍ നേടാനായി. എന്നാല്‍ 33കാരനായ ബെല്‍ജിയം താരം ഇനി എങ്ങോട്ട് എന്ന് വ്യക്തമല്ല. 

ക്ലബില്‍ തന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള വികാരനിര്‍ഭരമായ കുറിപ്പോടെയാണ് ബെല്‍ജിയം താരം സിറ്റി വിടുന്നതായി ആരാധകരെ അറിയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി എനിക്ക് എല്ലാം തന്നു. തിരിച്ച് കഴിവിന്‍റെ പരമാവധി നല്‍കാനും ശ്രമിച്ചു. പാരമ്പര്യത്തിന്‍റെ വലിയ ചരിത്രമുള്ള ക്ലബിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മാനേജര്‍ ഗാര്‍ഡിയോളയ്‌ക്കും ടീം ഉടമകള്‍ക്കും ആരാധകര്‍ക്കും നന്ദിയറിയിക്കുന്നതായും കൊമ്പനി കുറിച്ചു.

2008ല്‍ ഹാംബര്‍ഗില്‍ നിന്നാണ് കൊമ്പനി മാഞ്ചസ്റ്റര്‍ നഗരത്തിലെത്തിയത്. കൊമ്പനിക്ക് കീഴില്‍ 2011- 12 സീസണില്‍ സിറ്റി ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി. സിറ്റിയില്‍ 360 മത്സരങ്ങള്‍ കളിച്ച താരം 20 തവണ വലകുലുക്കി. നാല് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കൊമ്പനിയുടെ ശേഖരത്തിലുണ്ട്.