ടൂറിന്‍: യുവന്റസും റയല്‍ മാഡ്രിഡും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ  രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. ഇരുപാദങ്ങളിലുമായി 4-2 ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്. ഒളിംപിക് ലിയോണിനെതിരെ യുവന്റസ് 2-1ന് ജയിച്ചെങ്കിലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് ക്ലബ് അവസാന എട്ടിലെത്തി. ആദ്യപാദത്തില്‍ ലിയോണ്‍ 1-0 ത്തിന് ജയിച്ചിരുന്നു. ക്യാര്‍ട്ടറില്‍ സിറ്റി ലിയോണിനെ നേരിടും.

റയലിനെതിരെ റഹീം സ്റ്റെര്‍ലിങ്, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസഗോള്‍.  പ്രതിരോധത്തിലെ പിഴവുകളാണ് റയലിന് വിനയായത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിരോധത്തില്‍ കരുത്താവേണ്ടിയിരുന്ന റാഫേല്‍ വരാനെ വരുത്തിയ പിഴവുകള്‍ റയലിന് പുറത്തേക്കുള്ള വഴിയൊരുക്കി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ വരാനെ വരുത്തിയ പിഴവ് മുതലെടുത്ത് സ്റ്റെര്‍ലിംഗിലൂടെ സിറ്റി ലീഡ് നേടി. എന്നാല്‍ അതിന് 29 ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ മാഡ്രിഡ് മറുപടി പറഞ്ഞു. 68-ാം മിനിറ്റില്‍ വരാനെ കീപ്പര്‍ക്ക് നല്‍കിയ ചെയ്ത ഒരു ബാക്ക് ഹെഡര്‍ കൈക്കലാക്കി ജീസസ് ലീഡുയര്‍ത്തി. സിറ്റി 2-1ന്റെ വിജയവും ഉറപ്പാക്കി. 

റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടത്തിനും യുവന്റസിനെ രക്ഷിക്കാന്‍ ആയില്ല. ലിയോണാണ് ആദ്യം ലീഡ് നേടിയത്. 12ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെംഫിസ് ഡിപെ ലക്ഷ്യത്തിലെത്തിച്ചു. ലിയോണിന് എവേ ഗോള്‍ കൂടെ ആയതോടെ ക്വാര്‍ട്ടറില്‍ എത്തണം എങ്കില്‍ യുവന്റസ് മൂന്ന് ഗോളടിക്കണം എന്ന അവസ്ഥയായി. 

43ആം മിനിറ്റില്‍ ലഭിച്ച  പെനാള്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ യുവന്റസിന് പ്രതീക്ഷ നല്‍കി. അറുപതാം മിനിറ്റില്‍ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ ക്രിസ്റ്റ്യാനോ യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാല്‍ അത് പോരായിരുന്നു. മൂന്നാം ഗോളിനുള്ള ശ്രമം പരാജയപ്പെട്ടതോടെ യുവന്റസ് പുറത്തേക്ക്.