മാഞ്ചസ്റ്റര്‍: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഏഴു ഗോളിന് ജർമ്മൻ ക്ലബ് ഷാല്‍ക്കെയെ കീഴടക്കിയ സിറ്റി ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ പത്ത് ഗോളുകളുടെ ജയം സ്വന്തമാക്കി.

സിറ്റിക്കായി സെർജിയോ അഗ്യൂറോ ഇരട്ടഗോൾ നേടി. അഗ്യൂറോ തന്നെയാണ് സിറ്റിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. അഗ്യൂറോക്ക് പുറമെ ലിറോയ് സാനെ, റഹീം സ്റ്റെര്‍ലിംഗ്, ബെര്‍ണാഡോ സില്‍വ, ഫില്‍ ഫോഡെന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരും ഷാല്‍ക്കെയുടെ ഗോള്‍വലനിറച്ചു.

ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ 3-2നായിരുന്നു സിറ്റിയുടെ ജയം. സീസണില്‍ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ടീമാണ് സിറ്റി. നേരത്തെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ യുവന്റസും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ടോട്ടനവും ക്വാര്‍ട്ടറിലെത്തിയിരുന്നു. മാഞ്ചസ്റ്ററും ടോട്ടനത്തിനും സിറ്റിക്കും പുറമെ ലിവര്‍പൂളാണ് ക്വാര്‍ട്ടര്‍ ബര്‍ത്തിനായി പോരാടുന്ന മറ്റൊരു ഇംഗ്ലീഷ് ടീം.