കിട്ടാക്കനിയായ ചാംപ്യൻസ് ലീഗ് ലക്ഷ്യമിട്ടിറങ്ങുന്ന രണ്ട് ടീമുകൾ. ഇംഗ്ലണ്ടിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ലാലിഗയിൽ തുടർജയങ്ങളുമായി കുതിക്കുന്ന ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡ്. ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നതെങ്കിലും സൂപ്പർ പരിശീലകരായ പെപ് ഗ്വാർഡിയോളയും ഡീഗോ സിമിയോണിയും തമ്മിലുള്ള പോരാട്ടമാകും ഇത്തിഹാദിൽ.
മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യൻസ് ലീഗ്(Champions League) ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി, അത്‍ലറ്റിക്കോ മാഡ്രിഡിനെ(Manchester City vs Atletico Madrid) നേരിടും. ലിവർപൂളിന് ബെൻഫിക്കയാണ് എതിരാളികൾ. രാത്രി 12.30നാണ് മത്സരം.
കിട്ടാക്കനിയായ ചാംപ്യൻസ് ലീഗ് ലക്ഷ്യമിട്ടിറങ്ങുന്ന രണ്ട് ടീമുകൾ. ഇംഗ്ലണ്ടിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ലാലിഗയിൽ തുടർജയങ്ങളുമായി കുതിക്കുന്ന ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡ്. ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നതെങ്കിലും സൂപ്പർ പരിശീലകരായ പെപ് ഗ്വാർഡിയോളയും ഡീഗോ സിമിയോണിയും തമ്മിലുള്ള പോരാട്ടമാകും ഇത്തിഹാദിൽ.
പരിക്കും സസ്പെൻഷനും ഇരു ടീമുകൾക്കും തിരിച്ചടി. പരിക്കേറ്റ റൂബൻ ഡിയാസും സസ്പെൻഷനിലുള്ള കെയ്ൽ വാക്കറും സിറ്റി നിരയിലുണ്ടാകില്ല. ജോൺ സ്റ്റോൺസ് ടീമിലിടം കണ്ടേക്കും. അത്‍ലറ്റിക്കോക്കും പരിക്ക് തിരിച്ചടിയാണ്. ഹോസെഗിമിനസ് കളിക്കില്ല. ഹെക്ടർ ഹെരേരയ്ക്കും പരിക്ക്. സസ്പെൻഷനിലുള്ള കരാസ്കോയും പുറത്തിരിക്കും. കോക്കെയും ഏഞ്ചൽ കൊറേയയും തിരിച്ചെത്തുന്നത് ടീമിന് കരുത്താകും.
പ്രീക്വാർട്ടറിൽ മാഞ്ചസ്റ്ററിലെ മറ്റൊരു വമ്പനായ യുണൈറ്റഡിനെ മറികടന്ന ആത്മവിശ്വാസം അത്‍ലറ്റിക്കോയ്ക്കുണ്ട്. ബയേൺ പരിശീലകനായിരിക്കെ ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ സിമിയോണിയുടെ അത്‍ലറ്റിക്കോയോട് തോറ്റ ഓർമയുമുണ്ട് ഗ്വാർഡിയോളയ്ക്ക്. ക്വാർട്ടർ പോരിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് പോർച്ചുഗീസ് ടീമായ ബെൻഫിക്കയാണ് എതിരാളികൾ. കളത്തിൽ കരുത്തർ ലിവർപൂൾ എങ്കിലും പോർച്ചുഗീസ് ടീമിനെ എഴുതിത്തള്ളാനാവില്ല.
ബാഴ്സലോണയെ യൂറോപ്പ ലീഗിലേക്ക് പറഞ്ഞുവിട്ട ബെൻഫിക്ക, അയാക്സിനെ മറികടന്നാണ് അവസാന എട്ടിലെത്തിയത്. സാദിയോ മാനെ, മുഹമ്മദ് സലാ,ഫിർമിനോ ത്രയത്തിന്‍റെ ആക്രമണം തന്നെയാണ് ലിവർപൂളിന്‍റെ കരുത്ത്. പ്രതിരോധത്തിലും വെല്ലുവിളിയില്ല. എല്ലാ താരങ്ങളും മത്സരത്തിന് സജ്ജരാണെന്നതും യുർഗൻ ക്ലോപ്പിന് കരുത്താകും. പോർച്ചുഗീസ് ക്ലബ്ബുകൾക്കെതിരെ അവസാന എട്ട് ചാംപ്യൻസ് ലീഗ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന ചരിത്രവും ലിവർപൂളിന് ആത്മവിശ്വാസം കൂട്ടും.