ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് തോല്‍വി. മുന്‍ ചാംപ്യന്മാരായ ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് തോല്‍വി പിണഞ്ഞത്. ഇരുവരുടെയും തോല്‍വിയോടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള പോരാട്ടം കടുത്തു. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ജയിച്ചു. ചെല്‍സി എവേ ഗ്രൗണ്ടില്‍ വെസ്റ്റ് ഹാമിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്.

42ാം മിനിറ്റില്‍ വില്ല്യന്റെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്ത് തോമസ് സുസെക് വെസ്റ്റ് ഹാമിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റുകള്‍ക്കകം മൈക്കള്‍ അന്റോണിയോ വെസ്റ്റ് ഹാമിന് ലീഡ് സമ്മാനിച്ചു. 72ാം മിനിറ്റില്‍ ഒരിക്കല്‍കൂടി വില്ല്യന്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ അന്ദ്രേ യാര്‍മലെങ്കോ ആതിഥേയര്‍ക്ക് ജയം സമ്മാനിച്ചു.

ലെസ്റ്ററിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ പിറന്ന രണ്ട് ഗോളുകളാണ് എവര്‍ട്ടണ് ജയം നല്‍കിയത്. 10ാം മിനിറ്റില്‍ റിച്ചാര്‍ലിസണിലൂടെ എവര്‍ട്ടണ്‍ മുന്നിലെത്തി. സിഗുറോസണ്‍ 16ാം മിനിറ്റില്‍ ഒരിക്കല്‍കൂടി എവര്‍ട്ടണ് ലീഡ് സമ്മാനിച്ചു. 51ാം മിനിറ്റില്‍ കെലേച്ച് ഇഹാനാച്ചോയാണ് ലെസ്റ്ററിന്റെ ഏകഗോള്‍ നേടിയത്. 

ആഴ്‌സണലിന് തുടര്‍ച്ചയായ മൂന്നാം വിജയം. ഇന്ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നോര്‍വിച് സിറ്റിയെ ആണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ഒബാമയങ്ങിന്റെ മികവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആയിരുന്നു ആഴ്‌സണലിന്റെ വിജയം.

ചെല്‍സിയുടെയും ലെസ്റ്ററിന്റെയും തോല്‍വിയോടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് മറ്റു ടീമുകള്‍ക്കും പ്രതീക്ഷയേറി. ചെല്‍സി 54 പോയിന്റുമായി നാലാം നാലാം സ്ഥാനത്താണ്. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള ദൂരം രണ്ട് പോയിന്റായി കുറഞ്ഞു. മാത്രമല്ല വോള്‍വ്‌സും ചെല്‍സിക്ക് ഭീഷണിയാണ്. മാഞ്ചസ്റ്ററിനും വോള്‍വ്‌സിനും 52 പോയിന്റാണുള്ളത്. ലെസ്റ്ററിന് 55 പോയിന്റാണുള്ളത്.