പുതിയ കോച്ച് തോമസ് ടുഷേലിന് കീഴില്‍ അവസാന നാല് കളിയും ജയിച്ചെത്തുന്ന ചെല്‍സി 42 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങുന്നു. ചെല്‍സി എവേ മത്സരത്തില്‍ സതാംപ്ടണേയും ലിവര്‍പോള്‍ ഹോം മത്സരത്തില്‍ എവര്‍ട്ടനേയും നേരിടും. പുതിയ കോച്ച് തോമസ് ടുഷേലിന് കീഴില്‍ അവസാന നാല് കളിയും ജയിച്ചെത്തുന്ന ചെല്‍സി 42 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്. ഇതേസമയം അവസാന മൂന്ന് കളിയും തോറ്റ ലിവര്‍പൂള്‍ 40 പോയിന്റുമായി ആറാം സ്ഥാനത്താണ്. സതാംപ്ടണ്‍ പതിമൂന്നും എവര്‍ട്ടന്‍ ഏഴും സ്ഥാനങ്ങളില്‍. നാളെ നടക്കുന്ന മത്സങ്ങളില്‍ ടോട്ടനം വെസ്റ്റ് ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണലിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡിനെയും നേരിടും.
ലാ ലിഗയില്‍ മാഡ്രിഡ് ടീമുകള്‍ ഇന്നിറങ്ങും
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും ഇന്ന് മത്സരം. 23 കളിയില്‍ 49 പോയിന്റുമായി ലീഗിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ രാത്രി ഒന്നരയ്ക്ക് വയ്യാഡോളിഡിനെ നേരിടും. പരിക്കേറ്റ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, മാര്‍സലോ, എഡന്‍ ഹസാര്‍ഡ്, റോഡ്രിഗോ ഫെഡെ വെല്‍വെര്‍ദേ, എഡര്‍ മിലിറ്റാവോ തുടങ്ങിയവര്‍ ഇല്ലാതെയാവും റയല്‍ ഇറങ്ങുക. 22 കളിയില്‍ 55 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ലെവാന്റെയാണ് എതിരാളികള്‍. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ബാഴ്‌സലോണ നാളെ കാഡിസുമായി ഏറ്റുമുട്ടും.
ബയേണിനും ഇന്ന് മത്സരം
ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക് ഇന്ന് ഐന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. ഐന്‍ട്രാക്ടിന്റെ മൈതാനത്ത് രാത്രി എട്ടിനാണ് കളി തുടങ്ങുക. 21 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാന്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. 39 പോയിന്റുള്ള ഐന്‍ട്രാക്ട് മൂന്നാം സ്ഥാനത്താണ്.
