ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന് ജയം. വെസ്റ്റ് ഹാമുമായുള്ള ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. ചെല്‍സി ബേണ്‍ലിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് മറികടന്നപ്പോള്‍ വോള്‍വ്‌സ് 2-0ത്തിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. 

ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ലിവര്‍പൂളിന്റെ തിരിച്ചുവരവ്. പത്താം മിനിറ്റില്‍ പാബ്ലോ ഫോര്‍ണാല്‍സിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. എന്നാല്‍ 42ാം മിനിറ്റില്‍ മുഹമ്മദ് സല പെനാല്‍റ്റിയിലൂടെ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 85ാം മിനിറ്റില്‍ ഡിയോഗോ ജോട്ട വിജയഗോള്‍ നേടി.

പുത്തന്‍താരം ഹകിം സിയെച്ചിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. ഒരു ഗോളും അസിസ്റ്റും സിയെച്ചിന്റെ കാലില്‍ നിന്ന് പിറന്നു. കേര്‍ട്ട് സൗമ, തിമോ വെര്‍ണര്‍ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ഷെഫീല്‍ഡിനെതിരെ കെയ്ല്‍ വാള്‍ക്കറാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസിനെതിരെ റയാന്‍ ഐത് നൗറി, ഡാനിയേല്‍ പൊഡെന്‍സെ എന്നിവര്‍ വോള്‍വ്‌സിന്റെ ഗോള്‍ നേടി.

ജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളില്‍ 16 പോയിന്റാണ് അവര്‍ക്കുള്ളത്. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള എവര്‍ട്ടണാണ് രണ്ടാമത്. ഇത്രയും പോയിന്റുള്ള വോള്‍വ്‌സ് മൂന്നാമതുണ്ട്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ചെല്‍സി നാലാമതാണ്. ആറ് മത്സരങ്ങളില്‍ 11 പോയിന്റുള്ള സിറ്റി എട്ടാം സ്ഥാനത്താണ്.