Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് സിറ്റിക്ക് ചെല്‍സിയുടെ ഇരുട്ടടി; പെപ്പും സംഘവും കിരീടത്തിന് കാത്തിരിക്കണം

യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ റിഹേഴ്‌സലെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.


 

Chelsea beat Manchester City in EPL
Author
London, First Published May 9, 2021, 12:25 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം വൈകും. ഇന്ന് ചെല്‍സിയോട് പരാജയപ്പെട്ടതോടെയാണ് സിറ്റി വീണ്ടും കാത്തിരിക്കേണ്ടിവന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ റിഹേഴ്‌സലെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമാണ് ചെല്‍സി തിരിച്ചെത്തിയത്.

ഹകിം സിയെച്ച്, മാര്‍കോസ് അലോണ്‍സോ എന്നിവരാണ് ചെല്‍സിയുടെ ഗോളുള്‍ നേടിയത്. റഹീം സ്‌റ്റെര്‍ലിംഗിന്റെ വകയായിരുന്നു സിറ്റിയുടെ ഗോള്‍. നേരത്തെ സെര്‍ജിയോ അഗ്യൂറോയെടുത്ത പെനാല്‍റ്റി ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി രക്ഷപ്പെടുത്തിയിരുന്നു. 44-ാം മിനിറ്റില്‍ സ്‌റ്റെര്‍ലിംഗിന്റെ ഗോളിലൂടെ സിറ്റി മുന്നിലെത്തി. എന്നാല്‍ 63-ാം മിനിറ്റില്‍ സിയെച്ച് തിരിച്ചടിച്ചു. മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് വിജഗോള്‍ പിറന്നത്. തിമോ വെര്‍ണറുടെ അസിസ്റ്റില്‍ അലോണ്‍സോ വലകുലുക്കി. ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കയറി. 35 മത്സരങ്ങളില്‍ 64 പോയിന്റാണ് ചെല്‍സിക്ക്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റി 80 പോയിന്റുമായി ഒന്നാമതാണ്. 

നേരത്തെ ടോട്ടന്‍ഹാമിനെതിരായ മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡ് 3-1ന്റെ അട്ടിമറി ജയം നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. സ്റ്റുവര്‍ട്ട് ഡല്ലാസ്, പാട്രിക് ബാംഫോര്‍ഡ്, റോഡ്രിഗോ എന്നിവരാണ് ലീഡ്‌സിനായി ഗോളുകള്‍ നേടിയത്. സണ്‍ ഹ്യൂങ് മിന്‍ ടോട്ടനത്തിനായി ആശ്വാസഗോള്‍ നേടി. 13-ാം മിനറ്റില്‍ ഡല്ലാസിന്റെ ഗോളിലൂടെ ലീഡ്‌സ് മുന്നിലെത്തി. എന്നാല്‍ 25-ാം മിനിറ്റില്‍ സണ്‍ ഒപ്പമെത്തിച്ചു. 42-ാം മിനിറ്റില്‍ ബാംഫോര്‍ഡ് ലീഡ്‌സിന് വീണ്ടും ലീഡ് സമ്മാനിച്ചു. 

മത്സരം അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോ വിജയമുറപ്പിച്ച ഗോള്‍ നേടി. തോല്‍വിയോടെ ടോട്ടനത്തിന്റെ ചാംപ്യന്‍സ് യോഗ്യത പ്രതീക്ഷകള്‍ തുലാസിലായി. 35 മത്സരങ്ങളില്‍ 56 പോയിന്റുമായി ആറാമതാണ് അവര്‍. ഇത്രയും മത്സരങ്ങളില്‍ 50 പോയിന്റുള്ള ലീഡ്‌സ് ഒമ്പാമതാണ്. ഷെഫീല്‍ഡ് യുനൈറ്റഡിനെതിരെ ക്രിസ്റ്റ്യന്‍ ബെന്റകെ, എബേറേച്ചി ഇസെ എന്നിവര്‍ നേടിയ ഗോളുകളാണ് ക്രിസ്റ്റല്‍ പാലസിന് ജയം സമ്മാനിച്ചത്.

Follow Us:
Download App:
  • android
  • ios