ലണ്ടന്‍: ഈ പതിറ്റാണ്ടിൽ ക്ലബിന്റെ ഏറ്റവും മികച്ച അഞ്ച് ഗോളുകൾ തെരഞ്ഞെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ചെൽസി. ദിദിയർ ദ്രോഗ്‌ബ ഏറ്റവും മികച്ച ഗോളിന് ഉടമയായപ്പോൾ എ‍ഡൻ ഹസാർഡിന്റെ രണ്ട് ഗോളുകൾ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. 

2012ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരെ ചെൽസിയുടെ ജീവൻ നീട്ടിയെടുത്ത ഗോളാണ് ദിദിയർ ദ്രോഗ്‌ബയെ ഒന്നാമനാക്കിയത്. എൺപത്തിയെട്ടാം മിനിറ്റിലായിരുന്നു ദ്രോഗ്‌ബയുടെ സമനിലഗോൾ. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ചെൽസി യൂറോപ്യൻ ചാമ്പ്യൻമാരായി. ആഴ്‌സണലിനെതിരെ 2017 ഫെബ്രുവരിയിൽ എഡൻ ഹസാർഡ് നേടിയ ഗോളാണ് രണ്ടാം സ്ഥാനത്ത്. 

മൂന്നാംസ്ഥാനത്ത് ഫെർണാണ്ടോ ടോറസിന്‍റെ ഗോളാണ്. 2012ലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരെ നേടിയ ഗോളാണ് ടോറസിനെ മൂന്നാമനാക്കിയത്. നാലാം സ്ഥാനത്തും എ‍ഡൻ ഹസാർഡ് ഇടംപിടിച്ചു. 2018 സെപ്റ്റബറിൽ ലിവർപൂളിനെതിരെ ആയിരുന്നു ഈ ഗോൾ. ആന്ദ്രേ ഷ്രേൾ ആണ് അഞ്ചാമത്. 2014 ഓഗസ്റ്റിൽ ബേൺലിക്കെതിരെയായിരുന്നു ഷ്രേളിന്റെ ഗോൾ.