മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളും ചെൽസിയും ഗ്രൂപ്പ് ഘട്ടം താണ്ടി നോക്കൗട്ട് റൗണ്ടിലെത്തുമോയെന്ന് ഇന്നറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ ഓസ്ട്രിയന്‍ ക്ലബ്ബായ റെഡ് ബുള്ളിനെയും ചെൽസി ലിലിയെയും നേരിടും. അഞ്ച് കളിയിൽ നിന്ന് 10 പോയിന്‍റുമായി ഇ ഗ്രൂപ്പിൽ ഒന്നാമതുള്ള ലിവര്‍പൂളിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സമനില മാത്രം മതി.

ഒമ്പത് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാമതുള്ള നാപ്പോളി ബെൽജിയം ക്ലബ്ബായ ജെന്‍കിനെ നേരിടും. എട്ട് പോയിന്‍റുമായി എച്ച് ഗ്രൂപ്പില്‍ മൂന്നാമതുള്ള ചെൽസിക്ക് ഇന്ന് ലിലിക്കെതിരെ ജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ ആദ്യ രണ്ട്  സ്ഥാനങ്ങളിലുള്ള അയാക്സും വലന്‍സിയയും ഇന്ന് നേര്‍ക്കുനേര്‍ വരുന്നുണ്ട്.

അതേസമയം സൂപ്പര്‍താരം ലിയോണല്‍ മെസി ഇല്ലാതെയാണ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറാമത്തെ മത്സരത്തിൽ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്‍റര്‍മിലാന്‍ ആണ് ബാഴ്സയുടെ എതിരാളികള്‍. 11 പോയിന്‍റുമായി എഫ് ഗ്രൂപ്പില്‍ ഒന്നാമതുള്ള ബാഴ്സയ്ക്ക് നിലവില്‍ ഇന്‍റര്‍ മിലാനെക്കാള്‍ 4 പോയിന്‍റ് ലീഡുണ്ട്. അതുകൊണ്ട് തന്നെ മെസ്സിക്ക് വിശ്രമം നൽകാന്‍ തീരുമാനിക്കുകയായിരുന്നു ബാഴ്സ. എന്നാല്‍, ലൂയിസ് സുവാരസിനെയും അന്‍റോയിന്‍ ഗ്രീസ്മാനെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍റര്‍ മൈതാനത്ത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം.