ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ വിജയം നേടി ലിവർപൂളും ചെൽസിയും ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീക്വർട്ടറിൽ കടന്നു. ലിവർപൂൾ റെഡ് ബുള്ളിനേയും ചെൽസി ലിലിയേയും മറികടന്നാണ് ഗ്രൂപ്പ് ഘട്ടം താണ്ടിയത്. ഒരു സമനില മതിയായിരുന്നു ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീ ക്വാർട്ടറിൽ കടക്കാന്‍. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ റെഡ് ബുള്ളിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ക്ലോപ്പിന്‍റെ ചെമ്പട തലയെടുപ്പ് കാട്ടി.

ആദ്യ പകുതിയിൽ റെഡ് ബുൾ ഉയർത്തിയ വലിയ വെല്ലുവിളിക്ക് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ച് ലിവര്‍ തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ നാബി കേറ്റയുടെ 58-ാം മിനിറ്റില്‍ മുഹമ്മദ് സലായുമാണ് വലകുലക്കിയത്. അതേസമയം, എച്ച് ഗ്രൂപ്പിൽ മുന്നാമതായിരുന്ന ചെല്‍സിക്ക് വിജയം അനിവാര്യമായിരുന്നു. സാഹചര്യം മനസിലാക്കി ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച നീലപ്പട ലിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നു.

ടാമി എബ്രഹാം, ആസ്പിലിക്കെറ്റ എന്നിവരാണ് സ്കോറർമാർ. ചെൽസി ലാംപാർഡിന് കീഴിൽ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഹോം വിജയമാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ അയാക്സിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് വലൻസിയ  പ്രീക്വാർട്ടറിലേക്ക് കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് സംഘത്തിന്‍റെ ജയം.

റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. ജയത്തോടെ എച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി വലൻസിയ ഫിനിഷ് ചെയ്തത്. ചെൽസിയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍, നിര്‍ണായക മത്സരത്തിൽ ബാഴ്സയോട് പരാജയപ്പെട്ട ഇന്‍റ‍ര്‍മിലാന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്‍റർമിലാന്‍റെ തോൽവി. മൂന്ന് തവണ ഇന്‍റർ മിലാൻ താരങ്ങൾ വല കുലുക്കിയെങ്കിലും എല്ലാം ഓഫ്സൈഡ് വിളിച്ചത് വിനയായി. മെസിയില്ലാതെ ഇറങ്ങിയ ബാഴ്സയ്ക്കായി, കാൾസ് പെരസ് , അൻസു ഫാറ്റി എന്നിവർ ലക്ഷ്യം കണ്ടു.