ലണ്ടന്‍: ഇംംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയുടെ പരിശീലക സ്ഥാനത്തുനിന്ന് മുന്‍ നായകന്‍ കൂടിയായ ഫ്രാങ്ക് ലംപാര്‍ഡിനെ പുറത്താക്കി. പ്രീമിയര്‍ ലീഗില്‍ ക്ലബിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ലംപാര്‍ഡിനെ ക്ലബ് പുറത്താക്കിയത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, പിഎസ്ജി എന്നീ ടീമുകളെ പരിശീലിപ്പിച്ച തോമസ് ടുച്ചലായിരിക്കും ചെല്‍സിയുടെ പുതിയ പരിശീലകന്‍. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകനാണ് ടുച്ചല്‍. 

എന്നാല്‍ പുതിയ പരിശീലകനെ കുറിച്ച് ചെല്‍സി കൂടുതലായൊന്നും പുറത്തുവിട്ടിട്ടില്ല. 19 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 29 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ് ചെല്‍സി. ചൊവ്വാഴ്ച്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്ററിനെതിരെ ഏറ്റ പരാജയം ചെല്‍സി മാനേജ്മെന്റിന്മേലും സമ്മര്‍ദ്ദമേല്‍പ്പിച്ചു. ഇന്നലെ എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ലുട്ടന്‍ ടൗണിനെ 3-1ന് പരാജയപ്പെടുത്തിയെങ്കിലും ചെല്‍സി കടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ക്ലബ്ബ് ഇതിഹാസമായ ഫ്രാങ്ക് ലംബാര്‍ഡ് പരിശീലക ചുമതലയേറ്റെടുത്തത്. പിന്നാലെ പ്രതിഭാധനായ നിരവധി താരങ്ങള്‍ ചെല്‍സിയിലെത്തി. തിമോ വെര്‍ണര്‍, കായ് ഹാവേര്‍ട്ട്‌സ്, ബെല്‍ ചില്‍വെല്‍, ഹകിം സിയെച്ച് എന്നിങ്ങനെ നീളുന്നു നിര. 200 മില്യണ്‍ യൂറോയാണ് ചെല്‍സി ചെലവാക്കിയത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാന്‍ ലംപാര്‍ഡിന് സാധിച്ചില്ല.