ഇറ്റാലിയൻ ക്ലബ്ബായ പാർമയിൽ നിന്ന് ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ വില്ല ടീമിലെത്തിച്ചതോടെ തന്നെ മാർട്ടിനെസിന്‍റെ മടക്കം ഉറപ്പായിരുന്നു.

ലണ്ടൻ: അർജന്‍റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. ആസ്റ്റൺ വില്ലയിൽ നിന്നാണ് 33-കാരനായ താരത്തെ മൂന്ന് വർഷത്തെ കരാറിലാണ് ചെൽസി ലണ്ടനിലേക്ക് എത്തിച്ചത്. ട്രാൻസ്ഫർ തുക ക്ലബ്ബുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 7.5 മില്യൺ പൗണ്ടിനാണ് (ഏകദേശം 10.15 മില്യൺ യു.എസ് ഡോളർ) കരാർ ഉറപ്പിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2020-ൽ ആഴ്സണലിൽ നിന്ന് ആസ്റ്റൺ വില്ലയിലെത്തിയ മാർട്ടിനെസ് ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. ഇറ്റാലിയൻ ക്ലബ്ബായ പാർമയിൽ നിന്ന് ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ വില്ല ടീമിലെത്തിച്ചതോടെ തന്നെ മാർട്ടിനെസിന്‍റെ മടക്കം ഉറപ്പായിരുന്നു. ചെല്‍സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് എമി മാര്‍ട്ടിനെസ് പ്രതികരിച്ചു. ചെൽസിയിലേക്ക് വരാനുള്ള തീരുമാനം ഞാനും എന്‍റെ കുടുംബവും വളരെ എളുപ്പത്തിലാണ് എടുത്തത്. കിരീടങ്ങൾ നേടുന്ന ചരിത്രമുള്ള ക്ലബ്ബാണിത്. ചെൽസിക്കൊപ്പം പുതിയ വിജയങ്ങൾ നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ മത്സരത്തിലും പരിശീലനത്തിലും തന്‍റെ 100 ശതമാനവും നൽകി ക്ലബ്ബിനെയും പിന്തുണയ്ക്കുന്നവരെയും അഭിമാനഭരിതരാക്കുമെന്നും എമി മാർട്ടിനെസ് പറഞ്ഞു.

ആസ്റ്റൺ വില്ലയ്ക്കായി 256 മത്സരങ്ങളിൽ വലകാത്ത മാർട്ടിനെസ് ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് വളർന്നത്. ഉനായ് എമറിക്ക് കീഴിൽ കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിലും യൂറോപ്പ ലീഗ് കിരീടം ഉയർത്തിയതിലും നിർണ്ണായക പങ്ക് വഹിക്കാൻ മാർട്ടിനെസിന് സാധിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തിനായി റോബർട്ട് സാഞ്ചസുമായി മാർട്ടിനെസ് മത്സരിക്കേണ്ടിവരും. സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെതിരെ 3-2ന് ജയിച്ചെങ്കിലും സാഞ്ചസിന്‍റെ പിഴവുകൾ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

അർജന്‍റീന ദേശീയ ടീമിനായി 2022 ലോകകപ്പ് നേട്ടത്തിലും 2026 ലോകകപ്പ് ഫൈനൽ പ്രവേശനത്തിലും നിർണ്ണായക സാന്നിധ്യമായിരുന്നു മാർട്ടിനെസ്. കൂടാതെ 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക കിരീടനേട്ടങ്ങളിലും അർജന്‍റീനയുടെ രക്ഷകനായി മാറിയത് എമി മാർട്ടിനെസായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക